1/11/2007

ഇവരുടെ ആദ്യപോസ്റ്റുകള്‍!

ഇങ്ങനെ ഒരു സംരംഭം മുന്നോട്ട് വച്ചപ്പോള്‍ ആദ്യമായി വന്നത് “എന്റെ ഉമ്മ“യാണ്.
“എന്തിനും ഏതിനും തുണയായിരുന്ന ഉമ്മയില്‍ നിന്നുമാകട്ടെ തുടക്കം“ എന്നുപറഞ്ഞ് ഉമ്മയെ ഓര്‍ത്തുകൊണ്ട് വല്യമ്മായി എഴുതിതുടങ്ങിയ ആദ്യ പോസ്റ്റ്. ആ ഐശ്വര്യം കടംകൊണ്ട് തന്നെ ഞാന്‍ തുടങ്ങുന്നു, ഈ ആദ്യവിഭാഗം. “ഇവരുടെ ആദ്യ പോസ്റ്റുകള്‍”

ഇവിടെ അയച്ചുതന്ന 50 ഓളം ആദ്യപോസ്റ്റുകളില്‍ കൂടുതലും ബാല്യകാലവും അതില്‍ ഉരച്ചുചേര്‍ത്ത ഗൃഹാതുരത്ത്വവും ഒക്കെ ആണ്.
ഇതൊക്കെ ഒരിക്കല്‍ കൂടി മുന്നിലേക്ക് നീക്കിവയ്ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ട്.

(പേരിനു നേരേ ബ്രാക്കറ്റില്‍ കാണുന്നതു അവരവരുടെ ബ്ലോഗ് ആണ്. പോസ്റ്റിന്റെ ടൈറ്റിലില്‍ അമര്‍ത്തിയാല്‍ അതാതു പോസ്റ്റിലേക്ക് പോകാന്‍ കഴിയും)


1. വല്യമ്മായി (എനിക്കു പറയാനുള്ളത് )
ആദ്യ പോസ്റ്റ് - എന്റെ ഉമ്മ
പതിനേഴുവര്‍ഷം മുന്‍പു യാത്രപറഞ്ഞുപോയ സ്വന്തം അമ്മയെ സ്മരിച്ചുകൊണ്ട് ഇവിടെ ആദ്യകമന്റ് എഴുതിയത് ദേവരാഗം ആണ്. ഈ ഒരു പോസ്റ്റിനു പറ്റിയ കമന്റ്.


2. ഇന്ദു (മൌനം)
ആദ്യ പോസ്റ്റ് - മഴ
പുതപ്പിനിടയിലൂടെ അമ്മൂമ്മയുടെ മെല്ലിച്ച കൈകള്‍ എന്നെ പോലെ പുണരുന്ന മഴയെക്കുറിച്ച്, മഴ എന്ന ഒരു ആശ്വാസത്തെക്കുറിച്ച് ഒരു കവിതയാണ് ഇന്ദു തന്റെ ആദ്യപോസ്റ്റായി എഴുതിയിരിക്കുന്നത്. അവിടെ ആദ്യകമന്റ് വച്ച് സ്വാഗതം ചെയ്തത് ശ്രീ ശ്രീജിത്തും.


3. സുല്‍ (സുസ്മേരം)
ആദ്യ പോസ്റ്റ് - എന്റെ ആദ്യ ബ്ലോഗ്
ബ്ലോഗെന്നുപറഞ്ഞാല്‍ എന്താ എന്നറിയാന്‍ കേറിയതാണെന്നുള്ള ഏറ്റുപറയലില്‍ തുടങ്ങുന്ന പോസ്റ്റ്.


4 തറവാടി
ആദ്യ പോസ്റ്റ് - എന്റെ വണ്ടി

കുട്ടിക്കാലത്തിലെ ഓര്‍മ്മയുമായി ആദ്യപോസ്റ്റ്. “വരൂ‍ അര്‍മ്മാദിയ്ക്കൂ...“ എന്നു സ്വാഗതം അരുളിയത് ആദിത്യനും.


5. സപ്തവര്‍ണ്ണങ്ങള്‍ (നേര്‍ക്കാഴ്ചകള്‍)
ആദ്യപോസ്റ്റ് - ഒരിത്തിരിവെട്ടം
ഊതിക്കെടുത്താന്‍ കാറ്റുവരുമോ എന്ന ആശങ്കയില്‍ തന്റെ ബ്ലോഗില്‍ ഒരു തിരികൊളുത്തിവച്ചിരിക്കുന്നു സപ്തവര്‍ണ്ണം. “കാറ്റേ നീ
വീശരുതിപ്പോള്‍...“ എന്നുപാടി ഇവിടെ ആദ്യ സ്വാഗതം യാത്രാമൊഴിയുടെ വക.


6. വേണു
ആദ്യ പോസ്റ്റ് - പരീക്ഷ
കുട്ടിക്കാലത്തെ ഒരു മഴയുള്ള പരീക്ഷാ തലേന്ന് ഓര്‍ക്കുന്നു വേണു ഇവിടെ. വരികള്‍
തിരിച്ചെഴുതുന്നതിനെക്കുറിച്ചുള്ള അഭിപ്രായവും പിന്നെ ആദ്യ ഇഷ്ടവും ഇവിടെ പറഞ്ഞത് ശ്രീമാന്‍ പെരിങ്ങോടന്‍


7. സന്തോഷ് (ശേഷം ചിന്ത്യം)
ആദ്യ പോസ്റ്റ് - ശേഷം ചിന്ത്യം : പറഞ്ഞു തീര്‍ക്കാത്ത ചിന്തകള്‍
ഭീതിയുടേയും ഉത്കണ്ഠയുടേയും അനിശ്ചിതത്വത്തിന്‍റേയും പര്യായമായ ശേഷം ചിന്ത്യം എന്ന ‘അവസാനവാക്കുകള്‍‘ കുട്ടിക്കാലം മുതല്‍ കേട്ടതോര്‍ക്കുന്നു ഇവിടെ സന്തോഷ്. പറഞ്ഞാലും എഴുതിയാലും പ്രകടിപ്പിക്കാനാവാത്ത വികാരങ്ങള്‍ ഇവിടെ പറഞ്ഞുതീര്‍ക്കാനുള്ള ഒരു എളിയ ശ്രമത്തിന്റെ തിരികൊളുത്തിവയ്ക്കുന്നു ഇവിടെ. അതു തൊട്ടുവണങ്ങാന്‍ ആദ്യമെത്തിയത് പുല്ലൂരാന്‍ എന്ന ബ്ലോഗര്‍ ആണ് (എന്റെ പുല്ലൂരാനേ, ഇപ്പോള്‍ ഇവിടെ അധികം കാണുന്നില്ലല്ലൊ!)


8. മഴനൂലുകള്‍
ആദ്യപോസ്റ്റ് - മഴനൂലുകള്
മഴതനിക്കു വാല്‍സല്യത്തിന്റെ നനുത്ത ചൂടും, പ്രണയത്തിന്റെ സംഗീതവും മാത്രമായിരുന്നില്ല, വേദനകളുടെ കൈപ്പും നിറഞ്ഞതായിരുന്നു എന്ന് ഓര്‍ക്കുന്നു എന്റെ ഈ പ്രിയ സുഹൃത്ത് ഇവിടെ. അന്നുമുതല്‍ ഇന്നുവരെ ഈ ബ്ലോഗില്‍ മഴ തോര്‍ന്നിട്ടില്ല. കെട്ടുപൊട്ടാതെ നിലത്തേയ്ക്ക് ഊര്‍ന്നുവീണുകൊണ്ടിരിക്കുന്നു ഈ നൂലുകള്‍.


9. യാത്രാമൊഴി
ആദ്യപോസ്റ്റ് - ഭ്രാന്ത് ചെയ്യുന്നത്
മുഴുഭ്രാന്തിന്‍ മുറജപംമുടക്കാതെ പോക നീ... കരളിലെ കനലൂതിയുണര്‍ത്താതെ പോക നീ.. എന്നു പറഞ്ഞുപോകുന്നു യാത്രാമൊഴി.


10. കുറുമാന്‍ (കുറുമാന്റെ കഥകള്‍)
ആദ്യ പോസ്റ്റ് - ബ്ലോഗാന്‍ പഠിക്കട്ടെ.
“ഒരിക്കല്‍ ഞാന്‍ എന്തെങ്കിലും എഴുതി തുടങ്ങിയാല്‍ അതു വായിക്കുന്നവര്‍ എന്നെ കുത്തികീറുന്നതു വരെ ഞാന്‍ എഴുതുകയും ചെയ്യും”. എന്ന ഒരു മും‌കൂര്‍ ജാമ്യം ആയിരുന്നു കുറുമാന്റെ ആദ്യ പോസ്റ്റ്. കുറുമാന്‍ ആദ്യ പോസ്റ്റിനും ഒരുപാട് മുന്‍പേ
ഇവിടെ കമന്റുകള്‍ വച്ചിരുന്നു. അതായിരുന്നു സ്വാഗതം പറഞ്ഞ ഇബ്രു സൂചിപ്പിച്ചതും.


11. സുഗതരാജ് പലേരി (കൂട്ടുകാരന്‍)
ആദ്യ പോസ്റ്റ് - നഷ്ടമാകുന്ന ബാല്യം
വള്ളിനിക്കറിന്റെ കീശകളിൽ ഗോട്ടികളും നിറച്ച്‌ പഴകിയ സൈക്കിൽ ചക്രത്തിന്റെ ചലനത്തെ വടികൊണ്ട്‌ നിയന്ത്രിച്ച്‌ ഓടികളിക്കേണ്ടുന്ന ബാല്യം അവനില്‍ നിന്നും അന്യമായതിന്റെ തിര്‍ച്ചറിയല്‍ ആണ് സുഗതരാജിന്റെ ആദ്യ പോസ്റ്റ്.


12. മഴത്തുള്ളി (മഴത്തുള്ളികള്‍)
ആദ്യ പോസ്റ്റ് - ഡല്‍ഹിയില്‍ പുലരിമഴ
ഡല്‍ഹിയിലെ കൊടും ചൂടിനു വിരാമം ഇട്ട് പെയ്ത ഒരു പുലരി മഴയില്‍, നാട്ടിലെ ചെറുപ്പം ഓര്‍ക്കുന്നു ഇവിടെ മഴത്തുള്ളി. അതു വായിച്ചിട്ട് “പെയ്യട്ടങ്ങനെ പെയ്യട്ടേ, മാനം നിറഞ്ഞു പെയ്യട്ടേ“ എന്ന് ആദ്യമായി പറഞ്ഞത് കെവിന്‍ ആണ് (എവിടെ ആണ് ആശാനേ.. ഇപ്പോള്‍ കാണാനില്ലാലൊ..?)


13. ആദിത്യന്‍ (അശ്വമേധം)
ആദ്യ പോസ്റ്റ് - മൂന്നാം ഊഴം
രണ്ടാം ഊഴത്തെ വലിച്ചൊടിച്ചു മൂന്നാം ഊഴം ആക്കി, ഭീമന്റെ ഉള്ളില്‍ റോത്‌മാന്‍സും ഡേവിഡോര്‍ഫും തിരുകികയറ്റി ആദിത്യന്‍ ഇവിടെ സ്വയം ഒരു ഭീമബ്ലോഗര്‍ ആയി അവതരിക്കുകയായിരുന്നു. ആദിത്യനു സ്വാഗതം ഓതിയത് മറ്റൊരു അകാരമായ അനില്‍.


14. ഇക്കാസ് & വില്ലൂസ്
ആദ്യപോസ്റ്റ് - അണ്‍‌ടൈറ്റില്‍ഡ്.
ബ്ലോഗില്‍ ഞാന്‍ ആദ്യമായാണ് കണ്ടത്, രണ്ടുപേര്‍ ചേര്‍ന്നൊരു ആദ്യ ബ്ലോഗ്. ഒറ്റയ്ക്കും ഒരുപാടുപേരും ചേര്‍ന്ന് അതുവരെ വന്നിരുന്നു. മനോരമയില്‍ വന്ന ആര്‍ട്ടിക്കിള്‍ കണ്ടിട്ടാണ് ഞങ്ങള്‍ വന്നതെന്ന് പറഞ്ഞുകൊണ്ട് ചിത്രമടക്കം ഇവിടെ ഉണ്ട് ഈ സുഹൃത്തുക്കള്‍.


15. ശ്രീജിത്ത് (മണ്ടത്തരങ്ങള്‍)
ആദ്യ പോസ്റ്റ് - തുമ്മല്‍ വരുന്നുണ്ട് സൂക്ഷിക്കുക
മണ്ടത്തരങ്ങളുടെ മണ്ടൂസ് മുഖവുമായി, ബ്ലോഗ്ഗറിന് തല കറങ്ങുന്ന വരെ എന്നെ പറ്റി എനിക്ക് സംസാരിച്ചു കൊണ്ടിരിക്കാന്‍ ഒരിടമാണിത് എന്ന പ്രഖ്യാപനവുമായാണ് ഈ ‘ശ്രീ’ മലയാളം ബ്ലോഗിലേക്ക് വരുന്നത്. ആദ്യ പോസ്റ്റില്‍ തന്നെ ജീവിതവഴിയിലെ ഒരു ബൈക്ക് യാത്രയിലെ തുമ്മലുമായി വരുന്നു ഈ ബ്ലോഗര്‍. ശ്രീജിത്തിനു സ്വാഗതം പറഞ്ഞത് കലേഷ്.


16. സൂ (സൂര്യഗായത്രി)
ആദ്യ പോസ്റ്റ് - ഗോഡ്
ഓരോരുത്തരുടെ മുന്നില്‍ ഓരോരോ രൂപത്തില്‍ വരുന്ന ദൈവത്തെ കുറിച്ചാണ് സൂ തന്റെ ആദ്യ മലയാളം ബ്ലോഗുവരി എഴുതിയിരിക്കുന്നത്. ഇന്ന് കമന്റു ബോക്സില്‍ നൂറും ഇരുന്നൂറും പൊങ്ങിവരുന്ന സൂവിന്റെ ആദ്യ പോസ്റ്റിനു കിട്ടിയത് ഒരു കമന്റുമാത്രമാണ്. അതു പറഞ്ഞത് യാത്രാമൊഴി ആണ്. സൂ എന്ന ബ്ലോഗറിന്റെ വളര്‍ച്ചയെ ഇതിലൂടെ നമുക്ക് കാണാം.


17. സതീഷ് മാക്കോത്ത് (ചിലകുറിപ്പുകള്‍)
ആദ്യപോസ്റ്റ് - കുടിപ്പള്ളിക്കൂടം
ആദ്യ പോസ്റ്റിലൂടെ ഒരു പഴയ ആശാന്‍ പള്ളിക്കൂടവും സ്കൂള്‍ വിശേഷങ്ങളും പറയുന്നു സതീഷ്.


18. ഇത്തിരിവെട്ടം
ആദ്യ പോസ്റ്റ് - ഇത്തിരിവെട്ടത്തിന്റെ നിഴലില്
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഭ്രുണ ഹത്യയോ എന്നു സന്ദേഹിക്കുന്ന മനുഷ്യമനസ്സാക്ഷിക്ക്‌ തന്റെ ആദ്യ പോസ്റ്റിന്റെ ഇത്തിരിവെട്ടം സമ്മായിക്കുന്നു, എഴുത്തുകാരന്‍ ഇവിടെ. “നമ്മളിപ്പോള്‍ പുറകോട്ട് നടക്കാനാണോ നോക്കുന്നത് “ എന്ന ചോദ്യവുമായി ആദ്യത്തെ ഇത്തിരികമന്റ് വച്ചിരിക്കുന്നത് ഡാലിയാണ്.


19. പച്ചാളം
ആദ്യപോസ്റ്റ് - അണ്‍‌ടൈറ്റില്‍ഡ്.
ഒരു ഫോട്ടോ പോസ്റ്റിലൂടെ ആണ് ശ്രീ പച്ചാളം ഇവിടെ തേങ്ങ ഉടച്ചത്. പക്ഷെ തേങ്ങ ഉടയ്ക്കാന്‍ നിന്ന പച്ചാളത്തിന്റെ തലയില്‍ ഇടിയും വെട്ടി, തേങ്ങയും വീണു. ആ അപൂര്‍വ്വചിത്രം ആണ് ആദ്യ പോസ്റ്റ്.


20. വിശാലമനസ്കന്‍ (കൊടകരപുരാണം)
ആദ്യപോസ്റ്റ് - മൂന്നുപറ കണ്ടം
ചേട്ടനെപ്പോലെ, ഞാനും കേരളം വിടാനുണ്ടായ പ്രധാന കാരണങ്ങളിലൊന്നായ മൂന്നുപറ കണ്ടത്തിന്റെ കഥയിലൂടെയാണ് വിശാലന്‍ തന്റെ കൊടകരപുരാണത്തിന്റെ കെട്ട് ഇവിടെ അഴിച്ചത്. ആദ്യ കമന്റായി വന്നത് സൂവിന്റെ രണ്ടുകുത്തും ഒരു വലതുബ്രായ്ക്കറ്റും വച്ചൊരു ചിരി. ശരിക്കും ഐശ്വര്യമുള്ള ചിരി എന്നു ബ്ലോഗു സമൂഹം തെളിയിച്ചു, ഇവിടെ ഈ ചിരി.


21 സഹ (പാദമുദ്രകള്‍)
ആദ്യപോസ്റ്റ് - ചേര്‍ത്തല, എന്റെകൂടി സ്വന്തം നാട്‌.
മാപ്പ് വരയ്ക്കുമ്പോള്‍ ‘കുനിപ്പ്” പോലെ വരയ്ക്കുന്ന സ്വന്തം നാടിനെക്കുറിച്ച് എഴുതിയാണ് സഹയുടെ തുടക്കം. സഹതുടങ്ങിയിട്ടേ ഉള്ളൂ. ഇതു തയ്യാറാക്കുമ്പോഴും അവിടെ അടുത്ത പോസ്റ്റ് എത്തിയിട്ടില്ല.


22. ഫൈസല്‍ (നടുമുറ്റം)
ആദ്യപോസ്റ്റ് - നിങ്ങളില്‍ പാപം ചെയ്തവര്‍ക്കായി
മാതൃസ്നേഹം ആണ് ഫൈസല്‍ ഇവിടെ പറയുന്ന വിഷയം.


23. രേഷ്മ (മൈലാഞ്ചി)
ആദ്യപോസ്റ്റ് - കൂടുമാറ്റം
റീഡിഫ് ന്റെ ഇംഗ്ലീഷ് മുറ്റത്തുനിന്നുമാണ് മൈലാഞ്ചി ഇങ്ങോട്ട് പറിച്ചുനട്ടത്. പറിച്ചു നടല്‍ അല്ല, അതിന്റെ ഒരു മലയാളം വേരു പൊട്ടിച്ചിവിടെ വച്ചതാണ്. ആ കൂടുമാറ്റത്തെക്കുറിച്ചുള്ള രണ്ടുവരി ആണ് ഈ ബ്ലോഗിലെ ആദ്യമൈലാഞ്ചിയണിയല്‍.


24. സാക്ഷി
ആദ്യപോസ്റ്റ് - എന്റെ സാക്ഷ്യം
തന്റെ മാസ്റ്റര്‍പീസായ ചിത്രം സാക്ഷിയുടെ ആദ്യ പോസ്റ്റിലും ഉണ്ട്. കള്ള സാക്ഷിയാണെന്നുള്ള ഒരു ഏറ്റുപറച്ചിലും അതിനുപിന്നാലെ ഉണ്ട്.


25. നളന്‍ (സമകാലീകം)
ആദ്യപോസ്റ്റ് - ഛായാഗ്രഹി
സമകാലികത്തിലാണ് നളന്‍ തന്റെ ആദ്യപോസ്റ്റ് ഒട്ടിച്ചത്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രി കെട്ടിടത്തിനു മുകളിൽ കയറി ആത്‌മഹത്യാ ഭീഷണി മുഴക്കിയ യുവാവ്‌ 12 മണിക്കുറിന്‌ ശേഷം പിടിവിട്ട്‌ നിലത്തേക്ക്‌ വീഴുന്നു വാര്‍ത്താചിത്രത്തെ ആസ്പദമാക്കിയിട്ട്. നളന് ആദ്യ സല്യൂട്ട് അടിച്ചിരിക്കുന്നത് പെരിങ്ങോടന്‍.


26. ഡാലി (നേര്‍മൊഴി)
ആദ്യപോസ്റ്റ് - ഗലീലി കടല്
ഗോലാന്‍ കുന്നുകളിലേക്കുള്ള യാത്രാമദ്ധ്യെ ഓടുന്ന ബസിന്റെ ജാലകത്തിലൂടെ ഒപ്പിയെടുത്ത ഗലീലി കടലിന്റെ ചിത്രവും, ഒരുകുഞ്ഞു വിവരണവും. ആദ്യപോസ്റ്റില്‍ തന്നെ ജോര്‍ദ്ദാന്‍ നദിവന്ന് നിറഞ്ഞ പുറത്തേക്കൊഴുകുന്ന ഗലീലി കടല്‍ പോലെ, ഇവിടെ പരന്നത് ചില്ലറ ഓഫും ചേര്‍ത്ത് 84 കമന്റ്.


27. ഏറനാടന്‍ (ഏറനാടന്‍ ചരിതങ്ങള്‍)
ആദ്യപോസ്റ്റ് - വല്യാപ

ഗണിതം പഠിപ്പിക്കുന്ന കാദര്‍മാസ്റ്ററുടെ ആറാം വിവാഹവാര്‍ഷിക തലേന്നുള്ള ചില ചിന്തകളില്‍ പിടിച്ചാണ് ഏറനാടന്‍ തന്റെ ആദ്യപോസ്റ്റ് പണിഞ്ഞിരിക്കുന്നത്.


28. മുരളി വാളൂര്‍ (ഇടവഴി)
ആദ്യപോസ്റ്റ് - വേലായുധന്റെ വെക്കേഷന്‍
ഖത്തറിലെത്തുംവരെ എല്ലാവര്‍ഷവും നാല്പത്തൊന്നുദിവസം വൃതമെടുത്ത് മലചവിട്ടുമായിരുന്ന വേലായുധന്‍ എന്ന അയ്യപ്പഭകതനെക്കുറിച്ചാണ് മുരളി തന്റെ ആദ്യ പോസ്റ്റ് എഴുതിയിരിക്കുന്നത്. അവിടെ ഒരു ‘കോളനും ഒരു ക്യാപിറ്റല്‍ ലെറ്റര്‍ ഡി
യും വച്ചു സ്വാമിശരണം വിളിച്ച് സ്വാഗതം പറഞ്ഞിരിക്കുന്നത് ദേവഗണമുള്ള ഒരു അസുരനാണ്. ദില്‍ബാസുരന്‍.


29. ഉമേഷ് (ഗുരുകുലം.) പക്ഷെ ആദ്യ പോസ്റ്റ് എഴുതുമ്പോള്‍ ‘ഉമേഷിന്റെ മലയാളം ബ്ലോഗ്’ എന്നപേരില്‍ ആയിരുന്നു. ഇപ്പോള്‍ അതെല്ലാം ഒരു പുതിയ പേജില്‍ സംഭരിച്ചുവച്ചിരിക്കുന്നു. അതാണ് ഗുരുകുലം.
ആദ്യപോസ്റ്റ് - പന്തളം കേരളവര്‍മ്മ പുരസ്കാരം സച്ചിദാനന്ദനു്‌!
ഗദ്യമെഴുതേണ്ടിടത്തു പദ്യമെഴുതിയിരുന്ന പന്തളം കേരളവര്‍മ്മ പുരസ്കാരം പദ്യമെഴുതേണ്ടിടത്തു ഗദ്യമെഴുതുന്ന സച്ചിദാനന്ദന്‍ എന്ന കവിക്കു കൊടുത്തതിനെ കുറിച്ചാണ് ഉമേഷിന്റെ ആദ്യ പോസ്റ്റ്.


30. പൊതുവാളന്‍ (കാഞ്ഞിരോടന്‍ കഥകള്‍)
ആദ്യപോസ്റ്റ് - മലയാളം
സ്നേഹത്തിന്റെ തേനുറവ വറ്റാതെ അന്തിക്കു കൂടണയുന്ന മക്കളെയും കാത്തിരിക്കുന്ന എല്ലാ അമ്മമാര്‍ക്കും.. സമര്‍പ്പിക്കുന്ന ഒരു കവിതയാണ് പൊതുവാളന്റെ ആദ്യപോസ്റ്റ്.


31. അരവിശിവ (എന്റെ സ്വന്തം തിരുവനന്തപുരം)
ആദ്യപോസ്റ്റ് - എല്ലാ മലയാ‍ളി സുഹൃത്തുക്കള്‍ക്കും സ്വാഗതം
ആര്‍ട്ട്സ് കോളേജിലൂടെയും യൂണിവേര്‍സിറ്റി കോളേജിലൂടെയും തിരുവനന്തപുരത്തെ അറിഞ്ഞുതുടങ്ങിയ അരവിശിവ, തിരുവനന്തപുരത്തിന്റെ നഗരഹൃദയത്തിലൂടെ ഒരു ഓര്‍മ്മയാത്രയ്ക്ക് തുടക്കമിടുകയാണിവിടെ.


32. ദേവരാഗം
ആദ്യപോസ്റ്റ് - നല്ലവര്
ആയുരാരോഗ്യത്തിലൂടെ ആര്‍ട്ടറികളിലൂടേ പായുന്ന ചോരയെകുറിച്ചും, അകത്തുള്ള പെരിക്കാര്‍ഡിയത്തെക്കുറിച്ചും പുറത്തുള്ള എപ്പിക്കാർഡിയത്തെക്കുറിച്ചും ഒക്കെ നമ്മുടെ മുന്നില്‍ ആധികാരികതയോടെ സംസാരിക്കുന്ന ദേവന്റെ ആദ്യപോസ്റ്റ് രണ്ടു കുഞ്ഞിപൂച്ചകളുടെ കുഞ്ഞു ജീവിതകഥയാണ്. ചിത്രങ്ങള്‍ അടക്കം. ദേവനു സ്വാഗതം പറഞ്ഞത് അതിനു ശരിക്കും അര്‍ഹനായ വിശ്വപ്രഭ തന്നെ ആണ്.


33. കണ്ണൂസ് (ചിതറിയ ചിന്തകള്‍)
ആദ്യപോസ്റ്റ് - ഡെല്‍റ്റ-ടി
എന്താ ഈ ഡെല്‍റ്റ്-ടി? വേണുഗോപാലന്‍ സര്‍ കണ്ണടക്കു മുകളിലൂടെ നോക്കിപറഞ്ഞു "അതാണ്‌ സമയങ്ങള്‍ക്കിടക്കുള്ള സമയം" ഈ വാക്കുകള്‍ മൌനത്തിലിട്ട് മുറ്റിച്ച ചിന്തകള്‍ അക്കമിട്ട് എഴുതുകയാണ് കണ്ണൂസ് ഇവിടെ. എന്നിട്ടെന്താ പെരിങ്ങോടന്‍ തന്നെ ആദ്യം എത്തി പറഞ്ഞു, “സമാനതകളില്ലാത്ത മറ്റൊരു ബ്ലോഗ്.“ അതുതന്നെ ഞാനും പറയുന്നു.


34. കിരണ്‍സ് (സാന്ദ്രം)
ആദ്യപോസ്റ്റ് - സാന്ദ്രം

ഒരുപാട് ഇഷ്ടമായ മലയാള ഗാനങ്ങള്‍,അവയുടെ വരികള്‍ എന്നിവ പങ്കുവയ്ക്കുക എന്ന ശ്രമം മാത്രമാണു ഈ ബ്ബ്ലോഗിന്റെ ലക്ഷ്യം എങ്കിലും അതിനോടൊപ്പം തന്നെ എന്റെ ചില എളിയ ഗാനശ്രമങ്ങളും ഉള്‍പ്പെടുത്തുന്നു എന്നുപറഞ്ഞാണ് കിരണ്‍സ് തന്റെ ആദ്യ മലയാളം ബ്ലോഗിനു ശ്രുതിയിടുന്നത്. ഒപ്പം “തന്നെ ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന” ആദ്യഗാനപോസ്റ്റും സമര്‍പ്പിച്ചിരിക്കുന്നു.


35. ചന്തു (ചതുവിന്റെ ചിന്തകള്‍)
ആദ്യപോസ്റ്റ് - ചോദ്യം

ചന്തുവിന്റെ ചിന്തകളില്‍ ആദ്യം വരുന്നത് ഒരു ചോദ്യമാണ്. ‘പ്രണയത്തിന്റെ ആഴമെത്ര?’ എന്ന ചോദ്യം. ഒപ്പം ചന്തുവിന്റെ ചിന്തകളില്‍ കുരുങ്ങാത്ത മനോഹരമായ ചിരിയും നമുക്കിവിടെ കാണാനാകും. സ്വാഗതം പറയാനെത്തിയ പെരിങ്ങോടന്‍ ഉത്തരമായി
കൊടുത്തത് ഒരു ലിങ്ക് ആണ്. ഞാനും അവിടെ പോയി നോക്കി പ്രണയത്തിന്റെ ആഴം അളക്കാന്‍. അവിടെ കണ്ടതോ ‘ബൂലോക സെട്ടിങ്സിന്റെ‘ വിവരങ്ങള്‍. എന്റെ പെരിങ്ങോടാ എന്നെയും പറ്റിച്ചില്ലേ..?


36. സങ്കുചിതമനസ്കന്‍ (സങ്കുചിതം)
ആദ്യപോസ്റ്റ് - അടിപ്പാവാട ചരട്
അജ്മാനിലെ ഏര്‍പ്പായേട്ടന്റെ വില്ലയുടെ പൂമുഖത്ത് നടന്ന ഒരു സംഭാഷണത്തിലൂടെ കൊണ്ടുപോവുകയാണ് ഇവിടെ സങ്കുചിതന്‍ വായനക്കാരെ.


37. കൃഷ് (കൃഷ്ണ (ബൂ)ലോകം
ആദ്യ മലയാളം പോസ്റ്റ് - വേല ഉത്സവം
ചിറ്റിലംചേരി ശ്രീ ചെറുനെട്ടൂരി ഭഗവതി ക്ഷേത്രത്തിലെ വേല ഉത്സവത്തിലെ ചില ദൃശ്യങ്ങളാണ് കൃഷിന്റെ ആദ്യ സ്റ്റില്‍.


38. കണ്ണൂരാന്‍
ആദ്യ പോസ്റ്റ് - പുതുവത്സരത്തില്‍ നമ്മെ കാത്തിരിക്കുന്നത്
വരാന്‍ പോകുന്ന ഒരുവര്‍ഷത്തെക്കുറിച്ചുള്ള ആശങ്കകളും പതി ആശംസകളുമാണ് കണ്ണൂരാന്റെ ഈ പോസ്റ്റ്.


39. മുല്ലപ്പൂ
ആദ്യപോസ്റ്റ് - കണ്‍സള്‍ട്ടന്റ്
കുടുംബാന്തരീക്ഷത്തിലെ ഒരു സംസാരത്തുണ്ട് എഴുതിയാണ് മുല്ലപ്പൂ തന്റെ ആദ്യമൊട്ട് ഇവിടെ വിരിയിച്ചിരിക്കുന്നത്. കമന്റുബോക്സിലെ ആദ്യ സാക്ഷി ശരിക്കും സാക്ഷിതന്നെ.


40. ഷാനവാസ് ഇലിപ്പക്കുളം (കേരളാ ഓണ്‍ലൈന്‍)
ആദ്യപോസ്റ്റ് - മുല്ലപ്പെരിയാര്‍
പൊട്ടാന്‍ തയാറായി വീര്‍പ്പുമുട്ടിനില്‍ക്കുന്ന മുല്ലപ്പെരിയാറിനെ കുറിച്ചാണ് ഷാനവാസ് ആദ്യ പോസ്റ്റ് പൊട്ടിച്ചിരിക്കുന്നത്.


41. ഇട്ടിമാളു (ഇതു ഞാനാ.. ഇട്ടിമാളു)
ആദ്യപോസ്റ്റ് - പിരിയും മുന്‍പ്

ആദ്യപോസ്റ്റില്‍ തന്നെ യാത്രാമൊഴിയാണ് ഇട്ടിമാളു പറഞ്ഞിരിക്കുന്നത്. അതു വായനക്കാര്‍ക്കല്ല. “ഒരിക്കലും നീ എന്നെ ഓര്‍ക്കാതിരിക്കാന്‍..”എന്നുപറഞ്ഞാണ് തുടങ്ങുന്നത്. ഇട്ടിമാളുവിനു ഇവിടെ ആദ്യകമന്റിന്റെ കൈത്തിരികൊളുത്തിയത് നമ്മുടെ
“കൈത്തിരിയും”


41. സമീഹ (സമിയുടെ ലോകം)
ആദ്യമലയാളം പോസ്റ്റ് - ഉപഭോഗ സംസ്കാരവും അവളും
ഉപഭോഗസംസ്കാരത്തെക്കുറിച്ച് ഒരു കുഞ്ഞിക്കഥയെഴുതിയാണ് സമീഹ തന്റെ ബ്ലോഗില്‍ ആദ്യമലയാളം പോസ്റ്റ് തുടങ്ങിയിരിക്കുന്നത്. സമീഹ മലയാളത്തില്‍ ബ്ലോഗ് എഴുതാന്‍ തുടങ്ങിയതിലുള്ള നന്ദി പ്രകടനമാണ് കമന്റുബോക്സിലെ ആദ്യ കമന്റിലൂടെ കലേഷ് പറഞ്ഞിരിക്കുന്നത്.


42. ബിന്ദു (ദേശാടനം)
ആദ്യപോസ്റ്റ് - നമസ്കാരം

വിഘ്നങ്ങള്‍ ഒഴിവാക്കാന്‍ വാക്കുകള്‍ കൊണ്ട് ഒരു തേങ്ങ ഉടച്ചാണ് ബിന്ദു തന്റെ ദേശാടനത്തിന്റെ പെട്ടിമുറുക്കുന്നത്. ആദ്യപോസ്റ്റില്‍ വെറും നമസ്കാരമാണെങ്കിലും അവിടെ പൊട്ടിയത് 86 കമന്റു തേങ്ങകള്‍. അതിന്റെ കാരണം, മലയാളത്തില്‍ സ്വന്തമായി ഒരു ബ്ലോഗ് ഇല്ലെങ്കിലും മിക്കവാറും ബ്ലോഗുകളിലും ഓടിനടന്നുവായിച്ച് എഴുതുന്ന കമന്റുകള്‍ വഴി എല്ലാവരും ബിന്ദുവിനെ അറിഞ്ഞിരുന്നു. മുന്‍പൊക്കെ ഉള്ള ബ്ലോഗുകളില്‍ അങ്ങനെ ഒരു ബഹുമതികൊടുത്താല്‍ ബിന്ദുവും അചിന്ത്യയും ആയിരിക്കും ആ അവാര്‍ഡ് പങ്കുവയ്ക്കുക,
കമന്റുകളുടേ പ്രസന്‍സ് കൊണ്ട്. ഇനിയും ഉണ്ടാകാം അതുപോലെ ചിലര്‍. ഓര്‍മ്മയില്‍ ആദ്യം വന്നതു എഴുതി എന്നെ ഉള്ളൂ.


43. കരീം മാഷ് (തുഷാരത്തുള്ളികള്‍)
ആദ്യപോസ്റ്റ് - ശാപമോക്ഷം
തൂക്കിലേറ്റപ്പെടാന്‍ നാഴിക മാത്രമവസാനിക്കുന്നവന്റെ യാത്രാമൊഴിയുടെ ആദ്യാക്ഷരങ്ങള്‍ പോലെ, ഇല പൊഴിയാന്‍ തുടങ്ങിയ മരത്തിന്റെ മൗനഗദ്ഗദം പോലെ, നിശ്ശബ്ദമായ നൊമ്പരങ്ങള്‍ ഉള്ളിലൊതുക്കിയ ഒരു ചെറുകഥയിലൂടെ ആണ് കരീം മാഷ് തന്റെ കഥയുടെ കെട്ട് ഇവിടെ അഴിക്കുന്നത്. മാഷ്നെ സ്വാഗതം ചെയ്യുന്നത് കലേഷാണ്. ഉം അല്‍ കുവൈനില്‍ മറ്റൊരു ബ്ലോഗറെ കണ്ട
സന്തോഷം കലേഷിന്റെ സ്വാഗതത്തിലുണ്ട്.


44. വക്കാരിമഷ്ട (ഉദയസൂര്യന്റെ നാട്ടില്‍)
ആദ്യപോസ്റ്റ് - അങ്ങനെ ഞാന്‍ ജപ്പാനിലെത്തി
തന്റെ ആദ്യ ജപ്പാന്‍ യാത്രയുടെ സിങ്കപ്പൂര്‍ വരെയുള്ള ആദ്യപാദവുമായാണ് വക്കാരി തന്റെ ആദ്യ പോസ്റ്റ് ടേക്ക് ഓഫ് ചെയ്യുന്നത്. ദേവരാഗമാണ് വക്കാരിക്ക് ആദ്യ കമന്റിന്റെ പൂച്ചെണ്ട് നല്‍കുന്നത്.


45. സൊലീറ്റയുടെ മമ്മി
ആദ്യപോസ്റ്റ് - സൊലീറ്റാ : ഒരു പരിചയപ്പെടുത്തല്‍
കുഞ്ഞുസൊലീറ്റയുടെ കുഞ്ഞിക്കാര്യങ്ങളുടെ കുഞ്ഞുദിവസങ്ങളെ ഓര്‍ക്കുന്നു, ഇവിടെ സൊലീറ്റയുടെ മമ്മി. ഈ പോസ്റ്റിലെ നായികയായ കുഞ്ഞു സൊലീറ്റയ്ക്ക് ആദ്യകമന്റിന്റെ മധുരം നല്കിയത് മഞ്ചിത്ത് ആണ്.


46. ദിവാസ്വപ്നം (അച്ചായന്റെ ചാരുകസേര)
ആദ്യപോസ്റ്റ് - ആദ്യജോലി അന്വേഷണം
ഒരു സുപ്രഭാതത്തില്‍ നോര്‍ത്ത് ഇന്‍ഡ്യ വിട്ട് നോര്‍ത്ത് അമേരിക്കയില്‍ എത്തിയ ദിവാസ്വപ്നത്തിന്റെ ആദ്യ ഇന്റര്‍വ്യൂ ഓര്‍മ്മകളാണ് ഇവിടെ ആദ്യ തേങ്ങയായി അദ്ദേഹം പൊട്ടിച്ചത്. അതിന്റെ ചീളുപറക്കാന്‍ ആദ്യം ഓടിയെത്തിയത് ആദിത്യനും.


47. പാര്‍വതി (മഴവില്ലും മയില്‍ പീലിയും)
ആദ്യപോസ്റ്റ് - മുംബൈയ്ക്ക് വേണ്ടി
ചെവിയടപ്പിക്കുന്ന സ്ഫോടനങ്ങള്‍ക്കും ചിന്നിചിതറുന്ന ശരീരങ്ങള്‍ക്കും മുകളില്‍ ഇനിയുമൊരവതാര ദേവനുവേണ്ടിയുള്ള പ്രാര്‍ഥനയില്‍ ഒരു തുള്ളി കണ്ണുനീര്‍ നൈവേദ്യം ഒരു കുഞ്ഞുകവിതയായി ഇവിടെ അര്‍പ്പിക്കുന്നു പാര്‍വതി. സഹായഹസ്തങ്ങള്‍ പോലെ ഒരുപാട് ലിങ്കുകളുമായി ഇവിടെ ഇവിടെ ആദ്യകമന്റു കുറിച്ചിട്ടത് ശനിയന്‍.


48. സ്വാര്‍ത്ഥന്‍ (സ്വാര്‍ത്ഥവിചാരം)
ആദ്യപോസ്റ്റ് - എന്റെ കാര്യം
സ്വന്തം കാര്യങ്ങള്‍ മാത്രം പറഞ്ഞ് സ്വയം അവതരിപ്പിക്കുന്നു, “ഞാന്‍ സ്വാര്‍ത്ഥന്‍” എന്നു പറഞ്ഞു നിര്‍ത്തുന്നു. സ്വാര്‍ത്ഥത അല്പം പോലും ഇല്ലാതെ ഇവിടെ വന്ന് ആദ്യ വണക്കം പറഞ്ഞിരിക്കുന്നത് പെരിങ്ങോടന്‍ ആണ്.


49. അതുല്യ
ആദ്യപോസ്റ്റ് - അവസാനം അതും സംഭവിച്ചു
വരമൊഴിക്കും കലേഷിനും നന്ദി പറഞ്ഞുകൊണ്ടാണ് അതുല്യ തന്റെ
അക്ഷരപയറ്റിന്റെ കാഹളം മുഴക്കുന്നത്. അതിയായ സന്തോഷത്തില്‍ ഇവിടെ ആദ്യ കമന്റുവച്ചത് സൂര്യഗായത്രിയുടെ “സു”.


50.ദൃശ്യന്‍ (ചിന്തുകള്‍)
ആദ്യപോസ്റ്റ് - ഉയരങ്ങളിലെ തണുപ്പില് നിന്ന്‍
ആരും കാണാത്ത കാഴ്ചകള്‍ തേടി... ആരും നേരിട്ടറിഞ്ഞിട്ടില്ലാത്ത ആ അനുഭവത്തെ തേടി .. ഭൂമിവിട്ടുപോകുന്ന ശരീരത്തെക്കുറിച്ച് എഴുതിയ പോസ്റ്റ് ആണ് ദൃശ്യന്റെ തുടക്കം


അയച്ചവരുടെ എണ്ണം 50 തികഞ്ഞപ്പോള്‍. എനിക്ക് തന്നെ 51 അടിക്കാനുള്ള ഒരു ചരിത്ര മുഹൂര്‍ത്തം ഒരുങ്ങുന്നു. അവിടെ എന്റെ തോന്ന്യാക്ഷരങ്ങളുടെ ആദ്യ തോന്ന്യാസവുമായി ഞാന്‍ ഒന്നു ആര്‍മാദിച്ചോട്ടെ!

51.കുമാര്‍ (തോന്ന്യാക്ഷരങ്ങള്‍)
ആദ്യപോസ്റ്റ് - അങ്ങനെ തോന്ന്യാക്ഷരങ്ങള്‍ ഉണ്ടായി! ടമാര്‍!.. പടാര്‍!
ആ തോന്ന്യാസങ്ങളെക്കുറിച്ച്
ഞാനായിട്ട് പറഞ്ഞ് അതിന്റെ തോന്ന്യാസ മാര്‍ക്കറ്റ് വിലകളയുന്നില്ല. പക്ഷെ എനിക്ക് ആദ്യം കമന്റുവച്ച രാത്രിഞ്ചരനെ ഞാനിപ്പോള്‍ ഓര്‍ക്കുന്നു. രാത്രിഞ്ചരാ താങ്കള്‍ എവിടേ?..


ഇതൊരു പരീക്ഷണം ആയിരുന്നു, താത്പര്യം കാണിച്ച എല്ലാവര്‍ക്കും നന്ദി. നിങ്ങളുടെ ഒക്കെ പഴയ പോസ്റ്റുകള്‍ക്ക് ഒരു വായനക്കാരനെ എങ്കിലും സൃഷ്ടിക്കാനായാല്‍ ഈ ദൌത്യം പൂര്‍ണ്ണമായി എന്ന് എനിക്ക് സന്തോഷിക്കാം.

41 comments:

Kumar Neelakandan © (Kumar NM) said...

“ഇവരുടെ ആദ്യ പോസ്റ്റ്” പുറത്തിറങ്ങി.
(ഇത് എന്റെ അവസാനത്തെ പോസ്റ്റ് ആകുമോ പരദൈവങ്ങളേ..?)

Rasheed Chalil said...

കുമാരേട്ടാ... ഇതിന് ആദ്യ കമന്റ് ഞാനായിരിക്കുമോ ?

ആശംസകളോടേ...

ബിന്ദു said...

Daalykku aadyam comment koduthathu njaan enna bahumathi enikku tharanam. pls... :)
aaSamsakaL!!!

ഉമേഷ്::Umesh said...

അപ്പോള്‍ ആദ്യപോസ്റ്റിനു‌് ഇതുവരെ കമന്റൊന്നും കിട്ടാത്ത ഒരേയൊരു ഹതഭാഗ്യന്‍ ഞാനാണോ?

കൂട്ടത്തില്‍ പറയട്ടേ. എന്റെ ഏറ്റവും പ്രിയപ്പെട്ട പോസ്റ്റും രണ്ടു വരികള്‍ മാത്രമുള്ള അതു തന്നെ!

അതിനു മുമ്പു് അക്ഷരശ്ലോകം ബ്ലോഗില്‍ എന്റെ കുറേ പോസ്റ്റുകള്‍ ഉണ്ടായിരുന്നു. ടെക്‍നിക്കലി, അവ എന്റേതായിരുന്നില്ല.

നന്ദി, കുമാര്‍!

(സൂവിന്റെ ആദ്യ പോസ്റ്റിന്റെ ആദ്യ കമന്റെഴുതിയതു യാത്രാമൊഴിയോ? ഇതെന്തു കഥ?)

Unknown said...

നന്നായി.
സമയം കിട്ടുമ്പോള്‍ എല്ലാവരുടെയും ആദ്യപോസ്റ്റ്‌ വന്ന് വായിക്കാനൊരിടമായി.

ആശംസകള്‍.

റീനി said...

നല്ല സംരംഭം കുമാറേ.

ജനുവരി മാസത്തിലെ, പുറത്ത്‌മഞ്ഞ്‌ തകര്‍ത്ത്‌ പെയ്ത്‌ ഗതാഗതം സ്തംഭിച്ച്‌ സോഫയില്‍ ചടഞ്ഞിരിക്കുന്ന ഒരു ദിവസവും കാത്തിരിക്കയാണ്‌ ഞാനീ പോസ്റ്റില്‍ കൊടുത്തിരിക്കുന്ന 'ഇവരുടെ ആദ്യപോസ്റ്റ്‌' മൊത്തം വായിക്കുവാന്‍.

കരീം മാഷ്‌ said...

നല്ല ഉദ്യമം.
ഇതു ബൂലോഗ ക്ലബ്ബില്‍ ഒരു ലൈഫ് റ്റൈം ലിങ്കായി കൊടുക്കണമെന്ന അഭ്യര്‍ത്ഥനയുണ്ട്.

ദിവാസ്വപ്നം said...

കുഡോസ്... കുമാര്‍ജീ.

-> കൂടുതല്‍ പേര്‍ (at least എല്ലാ സജീവബ്ലോഗര്‍മാര്‍ എങ്കിലും) ഇനിയും ലിങ്ക് അയയ്ക്കുമെന്നും മലയാളം ബ്ലോഗുകളുടെ ചരിത്രരേഖകളില്‍ ഈ പോസ്റ്റും ഇടം പിടിയ്ക്കുമെന്നും ആഗ്രഹിക്കുന്നു; ആശംസിക്കുന്നു.

-> ഇതിനേക്കാള്‍ പ്രധാനമായി, നേരത്തെ അറിയിച്ചതുപോലെ, “എല്ലാ ബ്ലോഗര്‍മാരുടെയും 2006-ലെ ഏറ്റവും പ്രിയപ്പെട്ട/നല്ല (സ്വന്തം) രചനകളുടെ ലിങ്കുകള്‍ ഉള്ള പോസ്റ്റ്“ എത്രയും വേഗം തയ്യാറാകട്ടെയെന്ന് ആഗ്രഹിക്കുന്നു, അഭ്യര്‍ത്ഥിക്കുന്നു, അപേക്ഷിക്കുന്നു.

ഏറ്റവും നല്ലതിനെ ഷോകേസില്‍ വയ്ക്കുന്നതുപോലെ മറ്റെല്ലാവര്‍ക്കും ചൂണ്ടിക്കാണിച്ചുകൊടുക്കാന്‍ ആ പോസ്റ്റ് ഉപകാരപ്പെടുമെന്നും ആശിക്കുന്നു.

ഇതിലുമെത്രയോ മടങ്ങ് ഗംഭീരമായി ആ പോസ്റ്റിനെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്നു.

ആശംസകള്‍

Mubarak Merchant said...

കുമാരഗുരു..
നമോവാകം.
ഈ ലിങ്കുകളിലൂടെ കടന്നു പോകുമ്പൊ വീണ്ടും ഒന്നാം ക്ലാസ്സിലെ ആദ്യദിനം പോലെ ഒരു കുളിര്...
നന്ദി.

Kiranz..!! said...

കുമാറേട്ടാ...ഒരോ പോസ്റ്റുകള്‍ക്കും കൊടുത്തിരിക്കുന്ന അടിക്കുറിപ്പുകള്‍ തകര്‍ത്തു.ഒരു വലിയ ഉദ്യമം നല്ല ഒരു ഗവേഷണം നടത്തിത്തനെ ചെയ്തിരിക്കൂന്നു.പല പ്രഗല്‍ഭരുടേയും ബ്ലോഗ് തുടക്കം വളരെ രസകരമായിത്തന്നെത്തന്നെ തോന്നുന്നു.ആര്‍ത്തലച്ചു മുന്നേറുന്ന ബൂലോഗ ബ്ലോഗില്‍ കിട്ടുന്ന സമയത്ത് എങ്ങോട്ടൊക്കെ ഒന്നോടിപ്പോയി നോക്കാം എന്ന് പറയുന്ന “നല്ല പോസ്റ്റുകളുടെ “ സംരംഭവും ഉടന്‍ തന്നെ പ്രതീക്ഷിക്കുന്നു.


സസ്നേഹം
കിരണ്‍സ്..!!

തറവാടി said...

കുമാറേട്ടാ,

ഇത് , ഈ ഉദ്യമം അഭിനന്ദിക്കേണ്ടത് തന്നെയാണ്.
നന്ദായിരിക്കട്ടെ.

സു | Su said...

:) ഞാന്‍ ഡബിള്‍ സെഞ്ച്വറി അടിച്ച പോസ്റ്റില്‍ എല്ലാവരും കമന്റ് വെച്ചപ്പോള്‍, കമന്റടിക്കാന്‍ ആരും ഇല്ലാത്തപ്പോള്‍ വെച്ച എന്റെ ആദ്യത്തെ പോസ്റ്റിന് ഒരു കമന്റ് കിടന്നോട്ടെ എന്ന് കരുതി യാത്രാമൊഴി സ്നേഹപൂര്‍വ്വം വെച്ചതാണ് ആദ്യത്തെ പോസ്റ്റിലെ കമന്റ്.

ഇവിടെ എന്റെ പോസ്റ്റും ഉള്‍പ്പെടുത്തിയതിന് നന്ദി.

സുല്‍ |Sul said...

ആരും വായിക്കാത്ത ആരും കമെന്റ് വെക്കാത്ത എന്റെ ആദ്യപോസ്റ്റിനു, ആരെയെങ്കിലും കാണാന്‍ ആദ്യമായവസരം തന്ന കുമാര്‍ (സി) ന് നന്ദി. :)
(ചുമ്മാ).

താങ്കളുടെ ഉദ്യമം തുടരുക!

-സുല്‍

ദേവന്‍ said...

അപ്പോ ഇതാണു ബൂലോഗരുടെ പിച്ചാ പിച്ചാ പോസ്റ്റുകള്‍! ഈ പിച്ച അഗ്രിഗേഷന്‍ ഉണ്ടാക്കിയ കുമാറിന്‌ "പിച്ചക്കാരന്‍" എന്ന ബിരുദം കൊടുക്കാമോ ബൂലോഗരേ

(ഒരസ്സല്‍ ലിസ്റ്റായി അണ്ണാ, കൊടു കൈ)

Visala Manaskan said...

കുമാര്‍ വളരെ നന്നായി.
ഭയങ്കര കൌതുകം, സന്തോഷം ഒക്കെ തോന്നുന്നു.

ആശംസകള്‍.

Unknown said...

"ആരും വായിക്കാത്ത ആരും കമെന്റ് വെക്കാത്ത എന്റെ ആദ്യപോസ്റ്റിനു, ആരെയെങ്കിലും കാണാന്‍ ആദ്യമായവസരം തന്ന കുമാര്‍ (സി) ന് നന്ദി. :)
(ചുമ്മാ)."

സുല്ലിന്റെ ഈ വാക്കുകള്‍ തന്നെയാണ് എനിക്കും പറയാനുള്ളത് .

എല്ലാരേം ആദീലേ പുതീലേ വായിച്ചു തുടങ്ങാമെന്നു കരുതുന്നു.
അഭിനന്ദനങ്ങള്‍
:)

കുറുമാന്‍ said...

കുമാര്‍ ഭായ്,അടിപോളിയായിട്ടുണ്ട്. നന്ദി, ആശംസകള്‍.

ഏന്റെ ആദ്യ പോസ്റ്റിനു ആദ്യ കമന്റു വച്ച ഇബ്രുവിനും നന്ദി രേഖപെടുത്തുന്നു.

വായിക്കാന്‍ വിട്ടുപോയിട്ടുള്ള പോസ്റ്റുകള്‍ ഇനി ഓരോന്നായി വായിക്കണം

Siju | സിജു said...

യ്യോ..
ഈ പരിപാടി ഞാന്‍ അറിഞ്ഞില്ല, മിസ്സായിപ്പോയി
:-(

എന്തായാലും എല്ലാവരുടേയും ആദ്യപോസ്റ്റുകള്‍ വായിക്കാന്‍ നല്ല രസം
എന്റേം അഭിനന്ദനോം ആശംസേം

Abdu said...

കുമാറേട്ടാ,

അഭിനന്ദങ്ങള്‍

ഏറനാടന്‍ said...

ആനന്ദാശ്രുക്കളാല്‍ നേത്രങ്ങളില്‍ വെള്ളപ്പൊക്കം പോലെ അനുഭവപ്പെടുന്നു. കുമാറേട്ടാ തൃപ്‌തിയായി,ആദ്യശിശുവിനെ ഇവിടെ കണ്ടതില്‍. മറ്റുള്ളവര്‍ക്കും അതുപോലെയെന്ന് കരുതുന്നു.

മുസ്തഫ|musthapha said...

തുടക്കക്കാരുടെ, വളരെ കുറച്ചു പേര്‍ മാത്രം കണ്ട പോസ്റ്റുകളെ ഒന്നും കൂടെ വെളിച്ചം കാണിക്കല്‍ -
കുമാരേട്ടാ... ഈ ഉദ്യമത്തിന് എന്‍റെ അഭിനന്ദനങ്ങള്‍.





ഞാനും ഇതിലേക്ക് മെയിലയച്ചിരുന്നു... പക്ഷെ, പോസ്റ്റിന്‍റെ ലിങ്ക് വെച്ചിരുന്നില്ലെന്ന് ഇപ്പഴാ ഓര്‍മ്മ വന്നത്... അടുത്ത ലക്കത്തിലാവാം അല്ലേ :)

സിദ്ധാര്‍ത്ഥന്‍ said...

ഞാനിതൊന്നും അറിഞ്ഞില്ലല്ലോ ഈശ്വരാ!

നല്ല പരിപാടി കുമാര്‍! ഇതു ഹിറ്റായ സ്ഥിതിക്കു് ഒരു രണ്ടാംഭാഗമെങ്ങാനുമിറങ്ങുകയാണെങ്കില്‍ പറയണേ.

Cibu C J (സിബു) said...

നല്ല സംരംഭം കുമാറേ...

വേണു venu said...

ഒരു ബ്ലോഗൊപ്പിച്ചെടുത്തു് അതിന്‍റെ ആദ്യത്തെ ബാല പാഠങ്ങള്‍ സ്വയം മനസ്സിലാക്കാന്‍ തന്നെ സമയമെടുത്തു. ഒരു ചെറിയ പോസ്റ്റു് അതും കലാലയത്തില്‍ ചെറുകഥാ മത്സരത്തിനു് ഒന്നാം സമ്മാനം കിട്ടിയതു്.ഓര്‍മ്മിച്ചെടുത്തു് വരമൊഴിയിലൂടെ എഴുതിയതിനു ശേഷം, കണ്ണു നനഞ്ഞതു് യാദൃശ്ച്ഛികം.

2006 April 20 നു് പോസ്റ്റു ചെയ്തു. ദിവസവും ആ കഥ ഞാന്‍ മാത്രം വായിച്ചു .സ്വയം നല്ല കഥയെന്നു ഞാനും, എന്‍റെ കലാലയ അദ്ധ്യാപകരും കരുതിയ കൊച്ചു കഥ, ആരുമിഷ്ടപ്പെടാതെ, ആരും വായിക്കാതെ കാലയവനികക്കുള്ളില്‍ മറഞ്ഞു എന്നു കരുതി.

കമഴ്ത്തി വച്ച സ്ലേറ്റില്‍ സാറെഴുതിയ മാര്‍ക്കറിയാന്‍ നില്ല്ക്കുന്ന ബാലനെ പോലെ എന്നും ഞാന്‍ നിന്നു.

May 9 നു് ശ്രീ.പെരി‍ങ്ങോടന്‍ എഴുതിയ വരികള്‍ വിണ്ടും എന്‍റെ കണ്ണുകളെ സജലങ്ങളാക്കി.
ശ്രീ.പെരിങ്ങോടന്‍റെ ഇഷ്ടപ്പെട്ടു എന്ന ഒറ്റ വരി എന്‍റെ പ്രചോദനമായി എന്നു് നന്ദിയോടെ ഇവിടെയും സ്മരിക്കുന്നു.
കുമാര്‍ജീ, ഇതു ബൂലോകത്തിലെ നാഴികക്കല്ലായ ഒരു സം‍രംഭമാണു്.ഇതു തങ്ക ലിപികളില്‍ എഴുതപ്പെടുന്ന ഒരധ്യായം തന്നെ.കരിം മാഷു പറഞ്ഞ അഭിപ്രായത്തൊടു ഞാന്‍ യോജിക്കുന്നു.
അനുമോദനങ്ങള്‍,ആശംസകള്‍ .
സ്നേഹപൂര്‍വ്വം,
വേണു.

അതുല്യ said...

ജോലിത്തിരക്കിനിടയില്‍ ബ്ലോഗ്ഗേഴ്സിനോട്‌ കാണിച്ച്‌ ആദരവിനു പൂച്ചെണ്ടുകള്‍.

ഗായത്രി മന്ത്രത്തിന്റെ ചുരുളഴിയ്കാനായിട്ട്‌ മെനക്കെട്ടിറങ്ങിയപ്പ്പോഴാണു സൂര്യഗായത്രി എന്ന പോസ്റ്റ്‌ കണ്ട്‌ അതിലെ മലയാളം അക്ഷരം കണ്ട്‌ അന്ധാളിച്ചത്‌. എനിക്കും എഴുതണം ന്ന് സൂ വിനോട്‌ അപേക്ഷിച്ച്‌ പിന്നീട്‌ കലേഷില്‍ ക്ലിക്കിയാല്‍ എന്ത്‌ പറ്റുമെന്ന് ആലോചിച്ചത്ത്‌. പിന്നെ കണ്ടു ബാരക്കൂടാന്ന്. ഡിഫന്‍സ്‌ ഭാഷയില്‍ ബാരക്കൂടാ എന്നാല്‍ ഒരു അലേര്‍ട്ട്‌ സ്റ്റേറ്റാണു. അപ്പോ കരുതി വല്ല ആര്‍മി ക്യാമ്പ്‌ ആവുമെന്ന്. ഒരു ഇമെയില്‍ വിട്ടു. പിന്നെ കലേഷിന്റെ ചെവിയില്‍ കയറിയ വണ്ടായി ഒരാഴ്ച ഞാനിരുന്നു. പാവം കലേഷ്‌! പിന്നെ വണ്ട്‌ ചെവികള്‍ മാറി കയറിക്കൊണ്ടിരുന്നു.

അല്‍പദിവസത്തേയ്ക്‌ ബ്ലോഗ്ഗിലുണ്ടാവില്ല. (നല്ലത്‌). ചുമ്മാ കിട്ടുന്ന നെറ്റ്‌ സെര്‍വീസിനേക്കാളും പൈസ ആസ്പത്രിയില്‍ കൊടുക്കേണ്ടി വരുന്നതിനാല്‍ റ്റെപ്പിംഗ്‌ നിര്‍ത്തേണ്ടി വരുന്നു.

എല്ലാര്‍ക്കും ഭാവുകങ്ങളും ആശംസകളും.

Unknown said...

കുമാറേട്ടാ,
ഇതാണ് സംഭവം എങ്കില്‍ ഞാന്‍ ലിങ്ക് തന്നേനെ. എനിവേ 6 മാസം മുമ്പ് എനിയ്ക്ക് ആദ്യ സെറ്റപ്പ് പറഞ്ഞ് തന്നതും സ്വാഗതിച്ചതും ‘ശനിയന്‍’ അണ്ണനാണ്.

ശനിയന്‍ ചെയ്തതെന്തെന്ന് ശനിയന്‍ അറിഞ്ഞിരുന്നില്ല. അദ്ദേഹത്തെ കല്ലെറിയരുത് പ്ലീസ്... (അത്രയ്ക്ക് നിര്‍ബന്ധമാണെങ്കില്‍ ഒന്ന് പൊട്ടിച്ചോളൂ) :-)

മനൂ‍ .:|:. Manoo said...

നന്നായി കുമാരേട്ടാ... ഇങ്ങനെ ഇടയ്ക്കിടെ പിന്നിലേയ്ക്കൊന്നെത്തിനോക്കുന്നത്‌ വളരെ നല്ലതുതന്നെ.
നഷ്ടപ്പെട്ടുപോയ പലതും കണ്ടെടുക്കാനുമായി.

ആശംസകള്‍...
(ബാക്കിയെല്ലാം ഞായറാഴ്ച്ച നേരില്‍ കാണുമ്പോളാവാം :D )

Areekkodan | അരീക്കോടന്‍ said...

നല്ല പരിപാടി കുമാരേട്ടാ... ഈ പരിപാടി അറിഞ്ഞില്ല, മിസ്സായിപ്പോയി
ഇതു ഹിറ്റായ സ്ഥിതിക്കു് ഒരു രണ്ടാംഭാഗമെങ്ങാനുമിറങ്ങുകയാണെങ്കില്‍ പറയണേ.

മുല്ലപ്പൂ said...

ബ്ലോഗുലോകത്തിലെ പിച്ചവെയ്ക്കലുകള്‍.

കുമാറെ ,
നമ്മുടെ തന്നെ കുഞ്ഞിലത്തെ ചിത്രം കാണുമ്പോള്‍ ഉള്ള ഒരു കൌതുകം ഇല്ലേ അതാണു ഇതു കണ്ടപ്പോള്‍ തോന്നുന്നത്. ഓരോ ബ്ലൊഗിലും പോയി വായിച്ച് , വളരെ വ്യത്യസ്ഥം ആയ് ഒരു സമ്മറി എല്ലാത്തിനെ പറ്റിയും. വളരെ പ്രശംസനീയമായ ഒരു ഉദ്യമം.

ഓരോരുത്തരുടെയും ബ്ലോഗുലോകത്തിലെ പിച്ചവെയ്ക്കലുകള്‍ കാണാന്‍ നല്ല ശേല്.

വാളൂരാന്‍ said...

kumaretta,
ithu sarikkum adipoli
anumodanangal
asamsakal for the next venture

ലിഡിയ said...

ശരിക്കും ഹിറ്റായി കുമാര്‍ ചേട്ടാ, മുല്ലപ്പൂ പറഞ്ഞത് പോലെ നമ്മുടേയും കൂട്ടുകാരുടേയും ഒക്കെ കുഞ്ഞിലത്തെ ബ്ലാക്ക്&വൈറ്റ് ഫോട്ടോ കാണുന്ന കൌതുകം.

എന്റെ പോസ്റ്റിന് കൊടുത്ത വിവരണത്തിന് നന്ദി.

-പാര്‍വതി.

ഡാലി said...

കുമാറേട്ടാ, കൊടുകൈ. ക്രോസ്സായിട്ട് മറ്റേ കയും കൊട്.

ബൂലോകത്തിലെ പിച്ച പിച്ച (കപ: ദേവേട്ടന്‍) പോസ്റ്റുകള്‍ അതും 50 എണ്ണം വായിച്ചതിന് പിച്ചാക്ഷമ അവാര്‍ഡ് ക്ഷമാമലെ യൂണിവേഴ്സിറ്റിയില്‍ നിന്നും

ആ പിച്ച് പോസ്റ്റുകള്‍ക്കൊക്കെ ഒരോ ചുന്ദര വരികള്‍ എഴുതി എന്നതിന് പിച്ചവരി അവാര്‍ഡ് വരിദാസ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് വരികള്‍ & നിരകളില്‍ നിന്നും

അതെല്ലാം ഒരുമിച്ച് ഇവിടെ അഗ്രേറ്റ് ചെയ്ത് ഇട്ട് ബൂലോകത്തിനൊരു മാസ്റ്റര്‍ പോസ്റ്റ് നല്‍കിയതിന് പിച്ചാ‍അഗ്രഗേറ്റാ അവാര്‍ഡ് ഫാകുള്‍ട്ട അഗ്രഗേറ്റയില്‍ നിന്നും

അങ്ങേയ്ക്ക് ലഭിച്ച വിവരം ഇതിനാല്‍ ഇവിടെ പ്രഖ്യാപിക്കുന്നു.

ഈ സമഗ്ര സംഭാവനകളെ കണ്ണക്കിലെടുത്ത് യൂണിവേഴ്സിറ്റി ഓഫ് ബൂലോകം അങ്ങേയ്ക്ക് പിച്ചറേറ്റ് തരാന്‍ കഴിഞ്ഞ സിന്‍ഡിക്കേറ്റില്‍ തീരുമാനിച്ച വിവരം സസന്തോഷം താങ്കളെ അറിയിക്കുന്നു.

ബൂലോകരെല്ലാം പിച്ചറേറ്റ് കുമാര്‍ എന്ന് ഇദ്ദേഹത്തെ വിളിക്കേണ്ടതാകുന്നു. പിച്ചറേറ്റ് ചുരൂക്കി Pr. എന്ന് ഇംഗ്ലീഷിലും പിച്ച(രണ്ട് കുത്തോടെ) എന്ന് മലയാളത്തിലും എഴുതേണ്ടതാകുന്നു.

(ഇപ്പോ രണ്ട് കൈയും ക്രോസ്സ് ചെയ്ത് പിടിച്ചതെന്തിനാന്ന് മനസ്സിലയില്ലെ. ഇവിടെ നിന്നും ചെന്ന് വീഴാന്‍ എളുപ്പം ചാവുകടലാത്രേ ;))

സുല്‍ |Sul said...

ഡാലിക്കു പിച്ചബാധയേറ്റോ?
കടിച്ച ബാധയെകൊണ്ട് വിഷമിറക്കാന്‍ ദേവന്‍ തന്നെ ശരണം.

Aravishiva said...

കുമാറേട്ടാ.. :-)

ആദ്യമേ നന്ദി അറിയിച്ചു കൊള്ളട്ടെ...

പിന്നെ...ഈ ബ്ലോഗ് ഒരു ചരിത്ര സംഭവമാകുമെന്ന് പറഞ്ഞു കൊള്ളുന്നു..

അതിന്റെ സാരഥിയാവാന്‍ കഴിഞ്ഞതില്‍ തീര്‍ച്ചയായും കുമാറേട്ടന് അഭിമാനിയ്ക്കാം..

എല്ലാ വിധ ആശംസകളും ഒരിയ്ക്കല്‍ക്കൂടി നേര്‍ന്നു കൊള്ളുന്നു.

Anonymous said...

ഇപ്പോഴാണ്‌ ഇങ്ങനെയൊരു കാര്യം ഇവിടെ നടക്കുന്നുവെന്നറിഞ്ഞത്‌.എല്ലാവരുടെയും ആദ്യ പോസ്റ്റ്‌ വായിച്ചു കഴിഞ്ഞിട്ടില്ല.പുതുപെണ്ണിന്റെ നാണം പോലെ എല്ലാത്തിലുമുള്ള പരിചയപ്പെടുത്തലും കാര്യങ്ങളും വായിക്കാന്‍ രസമുണ്ട്‌.ഇനിയും ഇത്‌ തുടരണേ.

വല്യമ്മായി said...

കുമാരേട്ടാ,വളരെ വളരെ നന്ദി.ഇത്തരമൊരു സംരഭത്തില്‍ ആദ്യതെ പോസ്റ്റ് എന്റെയിട്ടതിന്.

എല്ലാവaഉം പറഞ്ഞ പോലെ ഐ ബ്ലോഗ് ഒരു വന്‍ വിജയം ആകട്ടെ എന്ന് ആശംസിക്കുന്നു

Unknown said...

കുമാര്‍,
നല്ല ഉദ്യമം!
നന്ദി, ഇനി തുടര്‍ന്നു വരുന്ന പോസ്റ്റുകള്‍ക്ക്‌ ഭാവുകങ്ങളും ആശംസകളും.

Unknown said...

കുമര്‍ ഭായിക്ക്,

ഇന്നലെ വരെ കണ്ട സ്വപ്നങ്ങളൊക്കെ നാളെയുടെ യാഥാര്‍ത്ഥ്യങ്ങളാകട്ടെ എന്നു പ്രാര്‍ത്ഥിച്ചു കൊണ്ട്

ജന്മദിനാശംസകളുടെ ‘ഒരാകാശം‘ മുല്ലപ്പൂക്കള്‍

sreeni sreedharan said...

എന്താന്നറിയില്ലാ, മൊത്തം ലിസ്റ്റ് വായിച്ചു കഴിഞ്ഞപ്പോ, അതിന്‍റിടയ്ക്കെപ്പഴൊക്കെയോ രോമാഞ്ചം വന്നൂ, (ഇതൊരു രോഗമാണോ?)

Promod P P said...

ഭൂമിമലയാളം എന്ന പേര് അവൈലബിള്‍ ആണോ എന്ന് അറിയാന്‍ ഗൂഗിളില്‍ സെര്‍ച്ചിയപ്പോള്‍‍ സൂര്യഗായത്രിയുടെ (സു)ബ്ലോഗ്ഗ് കണ്ടു. അങ്ങനേയാണ് ഞാന്‍ മലയാളം ബ്ലോഗ്ഗുകളെ ആദ്യമായി കണ്ടത്. ഇവിടെ വന്നു നോക്കിയപ്പോഴാകട്ടെ കണ്ണൂസ്,ദേവരാഗം‍,യാത്രാമൊഴി,ബഹുവ്രീഹി,അടിപൊളിസ് തുടങ്ങിയ,കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നന്നായി അറിയുന്ന കുറേപ്പേര്‍ ഇവിടെ തകര്‍ക്കുന്നു..
4-5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരമൊഴി സോര്‍സ്ഫൊര്‍ജ് നെറ്റില്‍ ഡിസ്കഷന്‍ വെച്ചിരുന്ന കാലത്ത് അവിടെ എഴുതാറുണ്ടായിരുന്ന ബെന്നി,സിബു എന്നിവരെയും കണ്ടപ്പോള്‍ ആനന്ദലബ്ദിയ്ക്കിനി എന്തു വേണം
എന്റെ ആദ്യ പോസ്റ്റില്‍ ആദ്യ കമന്റ് ഇട്ടത് മാന്യശ്രീ വക്കാരി

ഇവിടെ എത്തിച്ച ഗൂഗിളിനും സൂ വിനും നന്ദി

qw_er_ty

mydailypassiveincome said...

കുമാര്‍ മാഷേ,

എന്റെ പോസ്റ്റുമുണ്ടല്ലോ :)

പിന്നെ ഞാന്‍ നാട്ടില്‍ പോയിരുന്നു 10 ദിവസം. അതാ കാണാത്തത്. വിളിക്കാനും പറ്റിയില്ല ആരേയും.