4/10/2007
ഇവരുടെ കവിതകള്‍ - Vol - 01.
1. വല്യമ്മായി (എനിക്കു പറയാനുള്ളത് )
കവിത - നീര്‍ക്കുമിള
വല്യമ്മായി വെറും ആറുവരികളില്‍ തീര്‍ത്ത മനോഹരമായ കണ്ണീര്‍ക്കുമിള.
2. ജി മനു (ജീവിത രേഖകള്‍)
കവിത - ബിരിയാണി
കടക്കയര്‍ കഴുത്തില്‍ കുരുങ്ങിച്ചത്ത എതോ കൃഷിക്കാരണ്റ്റെ കണ്ണീരും, പോഷകദാഹത്താല്‍ ഭ്രൂണഹത്യചെയ്യപ്പെട്ട പാവം കോഴിമുട്ടയും ഒക്കെ ചേര്‍ന്ന ബിരിയാണിയെയാണ് മനു ഇവിടെ കാണുന്നത്.
3. പൊതുവാള്‍ (കാഞ്ഞിരോടന്‍ കഥകള്‍)
കവിത - ചിത (ഗതം)
“...എന്റെ ജീവിതം സഫലമാകുന്നിതാ
അഗ്നി ശുദ്ധി ചെയ്യുന്നെന്റെ ജീവനെ
യാത്രയാകുന്നു പഞ്ചഭൂതങ്ങളായ്
മാറ്റമില്ലാത്തൊരൂര്‍ജ്ജപ്രവാഹമായ്.“
.......... പൊതുവാളിന്റെ ശക്തമായ കവിത.
4. അത്തിക്കുര്‍ശി
കവിത - സമാഗമം
അദൃശ്യനായി നമുക്കൊപ്പം നടക്കുന്ന മരണം എന്ന കൂട്ടുകാരന്‍.
അവന്റെ വരവിനെ കുറിച്ചും നമ്മുടെ പ്രതീക്ഷയെകുറിച്ചും അത്തിക്കുറുശി മനോഹരമായി എഴുതിയിരിക്കുന്നു.
“...സജലങ്ങളായ മിഴികളില്‍ സങ്കടമൊതുക്കി
ഇടനെഞ്ചുപൊട്ടി യാത്രയയക്കുമെങ്കിലും.
ദൈവമേ, എന്റെ കിളിക്കുഞ്ഞുങ്ങല്‍ക്കിനിയാരുണ്ട്?“
കവിത ഇങ്ങനെ എഴുതി നിര്‍ത്തുമ്പോള്‍ അത് കൂടുതല്‍ തീവൃമാകുന്നു.
5. മനീഷി
കവിത - രാത്രി എന്നോട് പറഞ്ഞത്
(ഇത് അയച്ചുതന്നത് ചുള്ളിക്കലെ ബാബു)
രാത്രി എന്നോട് പറഞ്ഞുതരുന്നു എനിക്കറിയാവുന്ന ചില ചിന്തകളും തിരിച്ചറിവുകളും.
“...സമുദ്രത്തിലും,
ആകാശത്തിലും,
നിന്നിലര്‍പ്പിക്കപ്പെട്ട ശാപത്തേക്കാള്‍
ആഴമില്ല.....“
6. ജോനാ (കവിതപോലെ)
കവിത - ഓര്‍മ്മകളിലേക്ക്
ഓര്‍മ്മകളിലേക്ക് മനസിന്റെ ഒരു തിരിച്ചുപോക്കാണ് ജോനാ ഇവിടെ കുറിച്ചിരിക്കുന്നത്.
7. പി ശിവപ്രസാദ് (ചാരുകേശി)
കവിത - പ്രതിഭാസം
“ഇടയനായി വളര്‍ന്നത്
കുഞ്ഞാടുകളെ വിശ്വസിച്ചിട്ടല്ല.
യാദവന്‍ കാലികളെ,
യേശു ആടുകളെ,
പ്രവാചകന്‍ ഒട്ടകങ്ങളെ
മേയ്ച്ചതിന്റെ ലാഭവിഹിതം
മോഹിച്ചിട്ടല്ല.“
ഇടയന്റെ മനം ഇവിടെ മേയുന്നു ശിവപ്രസാദിന്റെ വരികളിലൂടെ..
8. സ്വാര്‍ത്ഥവിചാരം
കവിത - വിളിപ്പാടകലെ
സ്വാര്‍ത്ഥന്‍ തന്റെ ജീവിതത്തില്‍ ആദ്യമായി എഴുതിയ കവിതയാണിത്.
ആദ്യ കവിത തന്നെ ഒരു യാത്രപറയലാണ്. (സ്വാര്‍ത്ഥന്‍ കവിതയോട് യാത്ര പരഞ്ഞതാണോ, ഈ ആദ്യ കവിതയോടെത്തന്നെ?)
തന്റെ ആദ്യകവിത ആലപിക്കുക എന്ന മഹത്കര്‍മ്മംകൂടി സ്വാര്‍ത്ഥന്‍ ചെയ്തിട്ടുണ്ട്. സ്വാര്‍ത്ഥന്റെ കവിത ബ്ലോഗുകളുടെ റിക്കോര്‍ഡില്‍ തന്നെ കയറട്ടെ!.
9. ഇടങ്ങള്‍
കവിത - കുഴലൂത്തുകാരന്‍ (ബിസ്മില്ലാ ഖാന്)
ഉസ്താദ് ബിസ്മില്ലാഖാന് ഒരു ട്രിബ്യൂട്ട് ആണ് ഈ കവിത.
“...ഒളിക്കാന്
ഒരിടം കൂടി
ഞങ്ങള്‍ക്ക് നഷ്ടമാവുന്നു.“
10. മഞ്ജു നിതീഷ് (രാഗമാലിക)
കവിത - സ്നേഹഗീതം
ഈ പുതുമുഖ ബ്ലോഗറുടെ ബ്ലോഗിലെ ആദ്യപോസ്റ്റ് തന്നെ ഈ കവിതയാണ്.
കാറ്റിലലിഞ്ഞുപോയ പ്രണയം ആണ് വിഷയം. അധികമാരും കണ്ടില്ല ഈ ബ്ലോഗ്.
അവിടെ ഒരു കയ്യൊപ്പ് വച്ചത് നമ്മുടെ കുറുമാന്‍ മാത്രം.
11. ഇതു ഞാനാ.. ഇട്ടിമാളു.. (ഞാനല്ല!)
കവിത - അമ്മവീട്
അമ്മവീടിന്റെ, തയ്‌വഴിയുടെ പകുത്തുകീറല്‍ വളരെ നന്നായി ഇവിടെ ഇട്ടിമാളു പറഞ്ഞിരിക്കുന്നു.
“പടിയിറങ്ങുന്നത് ഇന്നലെകള്
പിരിഞ്ഞുപോവുന്നത് രക്തബന്ധങ്ങള്
ബാക്കിയാവുന്നത്, ആര്‍ക്കും വേണ്ടാത്തൊരമ്മ
(കരിപുരണ്ടൊരു കമ്പിറാന്തല്‍)
നഷ്ടമാവുന്നത്, എനിക്കെന്റെ അമ്മവീട്“
ഈ പോസ്റ്റുകള്‍ ഇവിടെ ഒരിക്കല്‍കൂടി (ഇതിനു മുന്‍പു വായിച്ചവര്‍ക്ക്) വായനയ്ക്ക് വയ്ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. അതിലും ഉപരി ഇതിനു മുന്‍പു വായിക്കാന്‍ കഴിയാതെ വിട്ടുപോയ പലരുടേയും മുന്നില്‍ വീണ്ടും ഈ പോസ്റ്റുകളൊക്കെ എണ്ണയൊഴിച്ച് തിരിവയ്ക്കാന്‍ കഴിഞ്ഞതില്‍ അതിലും സന്തോഷം.
ലിങ്കുകള്‍ അയച്ചുതന്നവര്‍ക്കെല്ലാം നന്ദി.
4/03/2007
കവിതകള്‍ ക്ഷണിക്കുന്നു. (കവിതകള്‍ - Vol 1)
പ്രിയമുള്ള പോസ്റ്റുകള്‍ എന്ന പംക്തി അതിന്റെ ആദ്യ കവിതാ വിഭാഗത്തിലേക്ക് പോവുകയാണ്. നിങ്ങള്‍ എഴുതിയ ഒരുപാട് നല്ല കവിതകള്‍ ഉണ്ടാവും. അതില്‍ നിങ്ങള്‍ക്ക് ഇഷ്ടപെട്ടവയില്‍ നിന്നും ഒന്നിന്റെ ലിങ്ക് മാത്രം nallapostukal@gmail.com എന്നവിലാസത്തില്‍ അയച്ചുതരുക. (ദയവായിഓര്‍ക്കുക; ഒന്നിന്റെ ലിങ്ക് മാത്രം മതി. ബാക്കി ഉള്ളവയൊക്കെ കവിതയുടെ തന്നെ ലക്കം 2 ലും 3ലും ഒക്കെ നമുക്ക് ചേര്‍ക്കാം. അതൊക്കെ അപ്പോള്‍ അയച്ചാല്‍ മതി)
പക്ഷെ ഇതിനു മുന്‍പു ബ്ലോഗില്‍ പബ്ലീഷ് ചെയ്തതു ആവണം. അനുദിനം മലവെള്ളപ്പാച്ചില്‍ പോലെ വരുന്നപോസ്റ്റുകളുടെ അടിയിലേക്ക് പോയ പോസ്റ്റുകള്‍ വെളിച്ചത്തു കൊണ്ടുവരാനും, ആര്‍ക്കൈവ്സില്‍ പൊടിപിടിച്ചിരിക്കുന്നതൊക്കെ പുറത്തുകൊണ്ടുവരാനും ഉള്ള ഒരു ബ്ലോഗാണിത് എന്ന കാര്യം ഓര്‍ക്കുക.
അയക്കുന്ന ലിങ്ക് കവിതയാണോ എന്ന് ഉറപ്പുവരുത്തുക. ഇനി അഥവാ ഒരു കഥ തന്നെ കവിത എന്ന് അവകാശപ്പെട്ട് അയച്ചാല്‍ അതും ഞാന്‍ ഇവിടെ കവിത എന്ന പേരില്‍ പബ്ലീഷ് ചെയ്യും. (ആധുനിക കവിതയുടെ യുഗമാണ്) പക്ഷെ അതിനു മുന്‍പു സ്വയം ഉറപ്പുവരുത്തുക. കാരണം ഇവിട് തീരുമാനങ്ങള്‍ എല്ലാം നിങ്ങളുടെത് ആണ്. അതാണ് ഈ ബ്ലോഗിന്റെ പ്രത്യേകതയും. സ്വന്തമായി 14,632 ബ്ലോഗും അതില്‍ 57.420 കവിതകളും ഉണ്ടെങ്കിലും ഒരു ലക്കത്തില്‍ ഒരാള്‍ക്ക് ഒരു എന്ട്രി മാത്രം.
ഈ ലക്കത്തിലേക്ക് ലിങ്കുകള്‍ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രില്‍ 7. അതിനുശേഷം വരുന്ന ലിങ്കുകള്‍ എന്റെ ഇന്‍ബോക്സില്‍ പൊടിപിടിച്ചുകിടക്കും.
അപ്പോള്‍ പറന്നുവരട്ടെ നിങ്ങളുടെ ഒരു കവിത. നിങ്ങള്‍ എഴുതിയതില്‍ നിങ്ങള്‍ക്ക് പ്രിയമുള്ള കവിതകളില്‍ ഒന്ന്.
ഒന്നുമാത്രം.
(അതില്‍ കൂടുതല്‍ കവിതകള്‍ താങ്ങാനുള്ള കപ്പാസിറ്റി എനിക്കില്ലാ...)
ഇതിനു മുന്‍പു ഇവിടെ പബ്ലീഷ് ചെയ്ത വിഭാഗങ്ങള്‍.
1. ഇവരുടെ ആദ്യ പോസ്റ്റുകള്‍
2. ഇവരുടെ കഥകള്‍ ലക്കം ഒന്ന്
3/10/2007
ഇവരുടെ കഥകള്‍ - ലക്കം 01
ചില തിരക്കുകളില്‍ കുരുങ്ങിപോയതുകൊണ്ട് നേരത്തെ അനൌണ്‍സ് ചെയ്ത ദിവസം തന്നെ ഇതു പോസ്റ്റ് ചെയ്യാന്‍ എനിക്ക് കഴിഞ്ഞില്ല. ലിങ്കുകള്‍ അയച്ചു തന്നവരോടൊക്കെ അതിന്റെ പേരില്‍ ക്ഷമ ചോദിക്കുന്നു ആദ്യം.
ഭൂലോകം വായിച്ചു രസിച്ച പല കഥകളും ഈ ലിസ്റ്റില്‍ വന്നിട്ടില്ല. അടുത്ത ലക്കത്തില്‍ വരും എന്നു പ്രതീക്ഷിക്കുന്നു.
ഒരു അറിയിപ്പുകൂടി. പോസ്റ്റുകളുടെ എണ്ണം കൂടുതല്‍ ഉള്ളതുകൊണ്ട് വോട്ടിങ് എന്ന സംഭവം തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുന്നു. മാത്രമല്ല, ഇവിടെ ഒരുപാട് മത്സരങ്ങള്‍ വരാനിരിക്കുന്നുബൂലോകത്തെ മുഴുവന്‍ മത്സരങ്ങളുടെ കളരികളിലേക്ക് തള്ളിവിടാന്‍ തല്‍ക്കാലം മനസുതോന്നണില്ല.
1. വല്യമ്മായി (എനിക്കു പറയാനുള്ളത് )
അനിക്കുട്ടന്‍ ദുബായിലാ
ഒരു പ്രവാസിക്കഥയുമായാണ് വല്യമ്മായിയുടെ വരവ്. എഴുത്ത് നന്നായി പക്ഷെ കഥയുടെ കാതല്‍ ഇതിനു മുന്‍പു കേട്ടതാണെന്ന ശ്രീജിത്തിന്റെ ആദ്യ തേങ്ങയ്ക്ക് മറുപടിയായി ഒരു അലിയുടെ കഥവച്ചു മറ്റൊരു തേങ്ങ ശ്രീജിത്തിന്റെ തലയ്ക്കടിക്കുന്നു വിശ്വപ്രഭ.
2. തറവാടി
തലമുറ
രണ്ടുതലമുറെയെ കോര്‍ത്തെഴുതിയ ഒരു കഥ. കുട്ടന്മേനോന്റെ ഭാഷയില്‍ പറഞ്ഞാല്‍ “തലമുറകളുടെ ഭാവപ്പകര്‍ച്ചകള്‍ക്കിടയിലും കൈമോശം വരാത്ത നന്മയുടെ തുരുത്തുകള്‍.“ ഈ കഥയിലുണ്ട്.
3. ഫൈസല്‍
നടുമുറ്റം
എഴുത്തുകാരിയായ ആശാമാത്യൂ തുരുത്തിക്കാട്ടിലിന്റെ ജീവിതം എഴുത്തുമുറിയില്‍ നിന്നും ശവമുറിയിലേക്കെത്തുന്ന കഥ വളരെ മനോഹരമായിട്ടാണ് ഫൈസല്‍ ഇവിടെ എഴുതിയിരിക്കുന്നത്
4. ഇക്കാസ്&വില്ലൂസ്
ജലായനം
ഒരു അനിയനെ ചേത്തുപിടിച്ച് ജലയാനം ചെയ്യുന്ന ഒരു ചേട്ടനെ ഇവിടെ കാണാം
5. സതീശ് മാക്കോത്ത്
ഫൗണ്ടന്‍പേന
ഒരു പേനയ്ക്കുവേണ്ടിയുള്ള ആഗ്രഹം, കൊതി എന്നിവ കുട്ടനാടന്‍ പശ്ഛാത്തലത്തില്‍
6 അഗ്രജന്‍
ഒരപകടത്തിന്‍റെ മധുരസ്മരണ
രസകരമായ സസ്പന്‍സ് സൂക്ഷിക്കുന്ന ഒരു കഥ
7 ഏറനാടന്‍
ഒരോണക്കുറിപ്പ്
ഒരു പഴയകാല ഓണക്കഥയാണ് ഏറനാടന്‍ ഇവിടെ അവതരിപ്പിക്കുന്നത്‍
8 സാക്ഷി
കുട്ടിശങ്കരനിടഞ്ഞു!
“ചിതറിയ തലച്ചോറിനുചുറ്റും ബലിക്കാക്കകള്‍ പോലെ ചാനലുകാര്‍ കൊത്തിപ്പെറുക്കി.“ ഒരു ഉത്സവപ്പറമ്പാണ് ഇവിടെ സാക്ഷ്യം
9 മൈനാഗന്‍
ഇന്ദ്രിയത്തിന് പുറത്തുനിന്നുള്ള ഇടപെടലുകള്‍
ഈ ബ്ലോഗ്ഗര്‍ എഴുതിക്കൊണ്ടിരിക്കുന്ന 'വിദൂഷണം' എന്ന നോവലിലെ ഒരു ഭാഗമാണ് ഈ പോസ്റ്റ്.
10 സ്വാര്‍ത്ഥന്‍(സ്വാര്‍ത്ഥവിചാരം)
മുട്ട വച്ച ദിവസം
സെബോയുടെ പുതുവര്‍ഷാഘോഷത്തിനെ കുറിച്ച് ഒരു കഥ.
11 പച്ചാളം
കര്‍ഷകന്‍
വളരെകുറിച്ചു വാക്കുകളിലൂടെ പച്ചാളം വരച്ചുകാട്ടുന്ന ഒരു ശക്തന്‍
നുറുങ്ങുകഥ.
12 പട്ടാമ്പിക്കാരി
50 പവനില്‍ തൂങ്ങിയനിശ്ചയം
സ്ത്രീധനവിഷയത്തില്‍ തൂങ്ങിയ ഒരു പട്ടാമ്പിക്കഥ. ഇതിന്റെ വാലായി കേരളത്തിലെ ദേശം തിരിച്ചുള്ള ഒരു ചെറിയ കമന്റു ചര്‍ച്ചയും നടന്നു.
13 അരീക്കോടന്റെ കാടന്‍ ചിന്തകള്‍...!!!!
ഐന്‍സ്റ്റീനിന്റെ ബൂകുരുത്ത ( കെട്ട )നിയമം !!!
ഒരു പരീക്ഷാ ചോദ്യത്തേയും അതിനുള്ള രസകരമായ ഉത്തരത്തേയും പറ്റിയുള്ള ഒരു ക്ലാസ്‌റൂം കഥ
14 തുഷാരത്തുള്ളികള്‍
ചിത്രിത ചുണ്ടിലെ ചുംബനം
ഷാജിയുടേയും അദ്ദേഹത്തിന്റെ ഭാര്യ അലീസിന്റേയും
അവളുടെ ലിപ്സ്റ്റിക്കിന്റേയും പിന്നെ അതില്‍ തുടങ്ങുന്ന മറ്റു ചിലതിന്റേയും കഥ.
15 വേണു
എന്‍റ്റെ ഒരു പത്തായം
ലാപുട പറഞ്ഞ കമന്റു എടുത്തെഴുതിയാല്‍ “നല്ല എഴുത്ത്...അനുഭവങ്ങളുടെ താപനില ഓര്‍മ്മകളെ പൊള്ളിക്കുന്നതുകൊണ്ടു തീക്ഷ്ണവും വ്യതിരിക്തവും.....“
16 കൊടകരപുരാണം
വിക്രം
പതിവുപോലെ തന്നെ ഒരു “ബ്രാന്റഡ് വിശാലന്‍” പോസ്റ്റ്. എന്താ ഇങ്ങനെ പുരാണത്തില്‍ അധികം വരാത്ത സ്റ്റൈലില്‍ ഒരു പേര്‍? ഇതിലെ തന്നെ കഥാപാത്രമായ പാപ്പച്ചന്റെ ഭാഷയില്‍ പറഞ്ഞാല്‍ “ഇതാണ് വിക്രം. മിനി ടെമ്പോ. ലേറ്റസ്റ്റ് മോഡല്‍. ഇവനിങ്ങിനെ ഇരിക്കണത് നോക്കണ്ടാ. ഒരു മല കയറ്റി വച്ചാല്‍ ഇത് അതും വലിച്ചോണ്ടും പോകും. ലൈലാന്റിന്റെ എഞ്ചിന്റെ പവറാ.!“
17 ബഹുവ്രീഹി
കുത്തുമാടത്തിലെ ഭ്രാന്തന്‍
പാവക്കൂത്തില്ലാത്ത കാലങ്ങളില്‍ കൂത്തുമാടത്തില്‍
താമസിച്ചിരുന്ന ഒരു ഭ്രാന്തന്റെ കഥയാണ് ബഹുവ്രീഹി ഇവിടെ പറയുന്നത്.
18 സ്നേഹപൂര്‍വ്വം
പാമ്പു വേലായുധന്‍...( ചെറുകഥ )
കുട്ടിക്കാലത്തിന്റെ നിഷ്കളങ്കത അലിയിച്ചുവരച്ചെടുത്ത ഒരു ചിത്രം പോലെ. ഭംഗിയായിട്ട്.
19 ഇടിവാള്‍
എന്റെ പ്രണയാന്വേഷണ പരീക്ഷകള്‍
ഒറ്റവാക്കില്‍ പറഞ്ഞാല്‍ കുട്ടിക്കാലത്തിലെ പ്രണയം. പക്ഷെ ആരും അധികം പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്. ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാന്‍ കൊതിപ്പിക്കുന്ന പോസ്റ്റുകളുടെ ലിസ്റ്റില്‍ വരുന്നത്
20 മഞ്ഞുമ്മല്‍
രാമന്‍ പിന്നേയും പുഴക്ക് കുറുകേ നീന്തി
ഒറ്റക്കാലിലെ ചെരുപ്പും തലയിലെ കിരീടവും കൈവിട്ടുപോയ രാമന്റെ അവസ്ഥ അവതരിപ്പിക്കുകയാണ് ഇവിടെ സാന്റോസ്. വാത്മീകിയോട് ഒരു മുന്‍കൂര്‍ ജാമ്മ്യാപേക്ഷയും ഒരു കമന്റായി വച്ചിട്ടുണ്ട് വിദ്വാന്‍.
21 മഴനൂലുകള്‍
നക്ഷത്രങ്ങള്‍ പെയ്യുവോളം
നേര്‍ത്ത മഴനൂലുകള്‍ പോലെ വികാരങ്ങളും നൊമ്പരങ്ങളും പെയ്യുന്ന പോസ്റ്റ്. എവിടെ ഒക്കെയോ തണുത്ത മഴ ചാഞ്ഞു പെയ്തേക്കും, ചൂടുള്ള നിശ്വാസങ്ങള്‍ ഉയരും, ഇതു വായിക്കുമ്പോള്‍
22 എന്റെ സ്വന്തം തിരുവനന്തപുരം
ചെമ്പകമരം
ഒരു സര്‍ക്കാര് ജീവനക്കാരിയുടെ മനസിലൂടെ കടന്നു പോകുന്ന യാത്രയാണ് ഈ കഥ. അരവിശിവയുടെ ട്രേഡ് മാര്‍ക്കായ തിരുവനന്തപുരത്തിന്റെ നഗരവഴികളിലൂടെ തന്നെയാണ് സുമ എന്ന സുമലതയുടെ ജീവിതം കടന്നു പോകുന്നതും
23 കുറുമാന്റെ കഥകള്‍
പോര്‍ക്ക് വിന്താലു
കുറുമാന്റെ പതിവു പ്രയോഗങ്ങളിലൂടെ രസകരമായ ഒരു കഥ. ഗോവന്‍ പശ്ഛാത്തലത്തില്‍ വെന്ത് ഉലയുന്ന ചിരിയുടെ പോര്‍ക്ക് വിന്താലു.
24 മുല്ലപ്പൂ
അഹങ്കാരം
എട്ടുവരി തികച്ചില്ലാത്ത കുഞ്ഞുകഥ. ഒരു ശക്തമായ ചിന്ത മുല്ലപ്പൂ അവതരിപ്പിക്കുമ്പോള്‍ വായനക്കാല്‍ ഒരുപാട് പേര്‍ തെറ്റിദ്ധരിച്ചു. ഈ കുഞ്ഞുകഥയിലെ ഒരു വാക്കില്‍ ആയിരുന്നു അതിന്റെ യഥാര്‍ത്ഥചിത്രം ഒളിഞ്ഞുകിടന്നത്. അതായിരുന്നു ഇതിന്റെ പ്രത്യേ‘കഥ’യും
25 ഇതു ഞാനാ.. ഇട്ടിമാളു..
മാംസതുണ്ടുകള്‍ മുറിച്ചുമാറ്റും മുമ്പ്
“ബോധാബോധങ്ങള്ക്കിടയില്‍ വഴുതിമാറുമ്പോള്‍ ഇരയാരാണെന്ന് പോലും അയാള്ക്ക് ഓര്‍ത്തെടുക്കാനാവില്ല. വേദനയുടെ പിടച്ചില്‍ പെണ്ണിന്റെ പ്രതിക്രിയയാണെന്ന് കരുതും. വലിഞ്ഞു പോവുന്ന ശ്വാസഗതികള്‍ ഉണര്‍വിന്റെ തിരതള്ളലായും. വേണ്ട. അതു വേണ്ടാ..“
കണ്ണന്‍ ഒപ്പം ഉണ്ടായിട്ടും ജീവിതത്തിന്റെ എണ്ണം തെറ്റി വഴിക്കു നിന്നു പോയ ഒരു
പെണ്‍കുട്ടിയുടെ കഥ
26 നര-സായ കഥകള്‍.
മൂന്നു കുരങ്ങന്മാരും ചാരനിറമുള്ള കുറേ കണ്ണുകളും
ആനുകാലിക പ്രസക്തിയുള്ള
ഒരു വിഷയത്തില്‍ ഊന്നി ഒഴുക്കോടെ ദൃശ്യന്‍ കഥ പറഞ്ഞുപോകുന്നു.
കണ്ണന്‍ ഒപ്പം ഉണ്ടായിട്ടും ജീവിതത്തിന്റെ എണ്ണം തെറ്റി വഴിക്കു നിന്നു പോയ ഒരു പെണ്‍കുട്ടിയുടെ കഥ
27 പനയോലകള്‍
പെയ്തു തീര്‍ന്ന മഴ
കഥാകാരിയായ റിനി തന്നെ പറഞ്ഞ വരികള്‍ ഇവിടെ ക്വാട്ട് ചെയ്യാം “കിട്ടാതിരുന്ന ആശ്വാസത്തിന്റെ തീരങ്ങള്‍ തേടി, വിധിവിക്രിയകളുടെ താളത്തിനൊത്ത്, അനുഭവങ്ങളുടെ പായല്‍ പിടിച്ച വരമ്പിലൂടെ കാലുറയ്ക്കാതെ നടക്കുമ്പോള്‍....“ ചില വഴികളിലൂടെ ചിന്തിക്കുമ്പോള്‍, പൂര്‍വ്വ പ്രണയം ഭര്‍ത്താവിനോട് പറയേണ്ടതാണോ അല്ലയോ എന്നുള്ള ഒരു ചിന്ത ഈ കഥ ഉണര്‍ത്തുന്നു
28 ചുമരെഴുത്ത്
ട്രൈനിങ് വീലുകള്‍
ഉണ്ണിക്കുട്ടന്മാരുടെ വളര്‍ച്ചയും വഴി കണ്ടെത്തലും പ്രതീകാത്മകമായി ഇവിടെ അവതരിപ്പിച്ചിരിക്കുന്നു
29 ഇത്തിരിവെട്ടം
ഉള്ളിന്റെ ഉരുക്കം.
ഇത്തിരി വളരെ മനോഹരമായിട്ട് എഴുതിയിരിക്കുന്നു ഈ കഥ. വായിച്ചു കഴിയുമ്പോള്‍ കണ്ണുകള്‍ കലക്കിയിടാനുള്ള കഴിവ് ഈ കഥയ്ക്കുണ്ട്
30 നെടുമങ്ങാടീയം(അവസാനം ഈയുള്ളവന്‍ തന്നെ )
പുകച്ചുരുളുകള്‍
...."അപ്പ് എബൌദ വേള്‍സോ ഹൈ.. ലൈക്കേ ഡയ്‌മണ്‍ ഇന്‍ദസ്കൈ" ശാരദചേച്ചി കുഞ്ഞുങ്ങള്‍ക്ക് താളത്തില്‍ പാടിക്കൊടുത്തു.
1/29/2007
കഥകള്‍ ക്ഷണിക്കുന്നു! ഇവരുടെ കഥകള്‍ (ലക്കം 01)
ഈ പക്തിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ വായിക്കുക
പ്രിയമുള്ള പോസ്റ്റുകള്‍ എന്ന പംക്തി അതിന്റെ ആദ്യവിഭാഗമായ “ഇവരുടെ ആദ്യ പോസ്റ്റ്” എന്ന അവതാരികയ്ക്ക് ശേഷം “ഇവരുടെ കഥകള്‍ (ലക്കം ഒന്ന്)” എന്ന രണ്ടാം വിഭാഗത്തിലേക്ക് പോവുകയാണ്. നിങ്ങള്‍ എഴുതിയ ഒരുപാട് നല്ല കഥകള്‍ ഉണ്ടാവും. അതില്‍ നിങ്ങള്‍ക്ക് ഇഷ്ടപെട്ടവയില്‍ നിന്നും ഒന്നിന്റെ ലിങ്ക് മാത്രം nallapostukal@gmail.com എന്നവിലാസത്തില്‍ അയച്ചുതരുക. (ദയവായിഓര്‍ക്കുക; ഒന്നിന്റെ ലിങ്ക് മാത്രം മതി. ബാക്കി ഉള്ളവയൊക്കെ കഥയുടെ തന്നെ ലക്കം 2 ലും 3ലും ഒക്കെ നമുക്ക് ചേര്‍ക്കാം. അതൊക്കെ അപ്പോള്‍ അയച്ചാല്‍ മതി)
പക്ഷെ ഇതിനു മുന്‍പു ബ്ലോഗില്‍ പബ്ലീഷ് ചെയ്തതു ആവണം. അനുദിനം മലവെള്ളപ്പാച്ചില്‍ പോലെ വരുന്നപോസ്റ്റുകളുടെ അടിയിലേക്ക് പോയ പോസ്റ്റുകള്‍ വെളിച്ചത്തു കൊണ്ടുവരാനും, ആര്‍ക്കവ്സില്‍ പൊടിപിടിച്ചിരിക്കുന്നതൊക്കെ പുറത്തുകൊണ്ടുവരാനും ഉള്ള ഒരു ബ്ലോഗാണിത് എന്ന കാര്യം ഓര്‍ക്കുക.
അയക്കുന്ന ലിങ്ക് കഥയാണോ എന്ന് ഉറപ്പുവരുത്തുക. ഇനി അഥവാ ഒരു കവിതതന്നെ കഥ എന്ന് അവകാശപ്പെട്ട് അയച്ചാല്‍ അതും ഞാന്‍ ഇവിടെ കഥ എന്ന പേരില്‍ പബ്ലീഷ് ചെയ്യും. പക്ഷെ അതിനു മുന്‍പു ഉറപ്പുവരുത്തുക. കാരണം തീരുമാനങ്ങള്‍ എല്ലാം നിങ്ങളുടെത് ആണ്. അതാണ് ഈ ബ്ലോഗിന്റെ പ്രത്യേകതയും. സ്വന്തമായി 14,632 ബ്ലോഗും അതില്‍ 57.420 കഥയും ഉണ്ടായാലും ഒരു ലക്കത്തില്‍ ഒരാള്‍ക്ക് ഒരു എന്ട്രി മാത്രം.
ഈ ലക്കത്തിലേക്ക് ലിങ്കുകള്‍ അയക്കാന്‍ ഒരാഴ്ച ടൈം ഉണ്ട്. അതായത് ഫെബ്രുവരി നാലുവരെ. അതിനുശേഷം വരുന്ന ലിങ്കുകള്‍ പരിഗണിക്കുകയില്ല.
ഇവിടെ ഒരു അഭിപ്രായ വോട്ടെടുപ്പു നടത്തിയപ്പോള്‍ തെളിഞ്ഞുവന്ന ഒരു തീരുമാനം കൂടി ഒരു പരീക്ഷണാര്‍ത്ഥം ഇത്തവണ വയ്ക്കുന്നു. ഇവിടെ ലിസ്റ്റ് ചെയ്യുന്ന (അവരവര്‍ അയച്ചുതന്ന) പോസ്റ്റുകളില്‍ നിന്നും വായനക്കാരുടെ ചോയിസ് തെരഞ്ഞെടുക്കാനുള്ള അവസരം കൂടി നല്‍കുന്നതാണ്.
അങ്ങനെ വായനക്കാരുടെ ഒരു തെരഞ്ഞെടുപ്പ് ഇഷ്ടപ്പെടാത്തവര്‍ ലിങ്ക് അയക്കുമ്പോള്‍ തന്നെ സൂചിപ്പിക്കുക.
അപ്പോള്‍ പറന്നുവരട്ടെ നിങ്ങളുടെ ഒരു കഥ. നിങ്ങള്‍ എഴുതിയതില്‍ നിങ്ങള്‍ക്ക് പ്രിയമുള്ള കഥകളില്‍ ഒന്ന്. ഒന്നുമാത്രം. അടുത്തത് അടുത്ത തവണ.
1/22/2007
പ്രിയമുള്ള പോസ്റ്റുകള്‍ - ഒരു അഭിപ്രായ രൂപീകരണം
ഈ ബ്ലോഗിലെ പ്രമുഖ കാറ്റഗറികളിലേക്ക് പോസ്റ്റുകള്‍ ക്ഷണിക്കും മുന്‍പ് ഒരു വിഷയത്തില്‍ ഒരു അഭിപ്രായ സര്‍വ്വേ.
ഒരു ലക്കം കളക്ട് ചെയ്തുവ പോസ്റ്റു ചെയ്തു കഴിയുമ്പോള്‍ ആ ലക്കത്തിലെ പോസ്റ്റുകളില്‍ നിന്നും വായനക്കാരുടെ ചോയിസ് തെരഞ്ഞെടുക്കാനുള്ള അവസരം കൂടി നല്‍കാമോ?
അതായത് വായനക്കാര്‍ക്ക് ഇഷ്ടപെട്ട മൂന്നു പോസ്റ്റുകളെ A B C എന്ന നിലവാരത്തില്‍ തരം തിരിക്കാം. അതു ഒരു കമന്റായിട്ട് ഇടാം. വോട്ടുകളായി വരുന്ന ഈ കമന്റുകള്‍ മാത്രം ഹോള്‍ഡ് ചെയ്യും. നേരത്തെ പ്രഖ്യാപിച്ച തീയതിക്ക്, ആ കമന്റുകള്‍ പബ്ലീഷ് ചെയ്യും. ഒപ്പം മൊത്തം വോട്ടുകള്‍ കൂട്ടി പറയുകയും ചെയ്യും (സ്വാര്‍ത്ഥന്റെ കമന്റില്‍ നിന്നും ആണ് ഈ ഒരു പ്ലാന്‍ (കമന്റ് മോഡറേഷന്‍ പരിപാടി) മനസില്‍ വന്നത്. ഉടനെ തന്നെ ഇതു തിരുത്തി).
ഇവിടെ അടിസ്ഥാനപരമായി ഒരു മത്സരം അല്ല നടക്കാന്‍ പോകുന്നത്. ഏറ്റവും കൂടുതല്‍ വായനക്കാര്‍ക്ക് ഇഷ്ടമായ മൂന്നു കൃതികള്‍ തെരഞ്ഞെടുക്കുന്ന പരിപാടി മാത്രം. ഒരു മത്സരകളരിയോ കളിയോ അല്ല ഇത്. പഴയ പോസ്റ്റുകളെ വീണ്ടും വായനക്കാരുടെ മുന്നില്‍ എത്തിക്കുക എന്ന ലക്ഷ്യം മാത്രമേ ഇതിന്റെ പിന്നിലുള്ളു. അതിനെ ഒന്നു കൊഴുപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഈ തെരഞ്ഞെടുപ്പ്.
ഇവിടെ ഈ വിഷയത്തില്‍ നിങ്ങള്‍ പറയുന്ന കമന്റില്‍ മൃഗീയ ഭൂരിപക്ഷം ഉണ്ടെങ്കില്‍ മാത്രമേ ഈ തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോവുകയുള്ളു.
ഇതു പ്രാവര്‍ത്തികം ആകുന്നെങ്കില്‍, നിങ്ങള്‍ തെരഞ്ഞെടുക്കുന്ന നിങ്ങളുടെ എല്ലാ കഥകള്‍ക്കും കവിതകള്‍ക്കും ഓരോ ലക്കങ്ങളിലായി വായനക്കാരുടെ മുന്നില്‍ തെരഞ്ഞെടുപ്പിനായി എത്താനാവും. തെരഞ്ഞെടുപ്പ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇഷ്ടകൃതികള്‍ എല്ലാം നമുക്കു വീണ്ടും വെട്ടത്തുകൊണ്ടുവരാം.
ഇതൊരു മത്സരം അല്ല, ( ഇവിടെ എന്റെ പോസ്റ്റുകളും ഇതില്‍ ഉണ്ടാകും. (എന്താ ഞാനും ചോരയും നീരും ഉള്ള ഒരു ബ്ലോഗര്‍ അല്ലേ?)
വോട്ട് ചെയ്യുന്ന ആളിനെ കുറിച്ചുള്ള നിബന്ധനകള്‍.
1. വോട്ട് ചെയ്യുന്ന ആളിന് മലയാളത്തില്‍ സ്വന്തമായി ഒരു ബ്ലോഗ് വേണം.
2. അതില്‍ ഉറപ്പായും അതാത് ലക്കത്തിനു മുന്‍പ് ഒരു പോസ്റ്റ് എങ്കിലും പബ്ലീഷ് ചെയ്തിരിക്കണം. അത് വോട്ട് ചെയ്യാന്‍ വേണ്ടി സൃഷ്ടിച്ചതാണോ എന്ന് വ്യക്തമായാല്‍ ആ വോട്ട് അസാധുവാകും.
3. വോട്ട് ചെയ്യുന്ന മെയിലില്‍ ബ്ലോഗര്‍ പ്രൊഫൈല്‍ കൂടി ചേര്‍ക്കണം. അതിനു കഴിഞ്ഞില്ലെങ്കില്‍ ബ്ലോഗ് ലിങ്ക് എങ്കിലും വേണം. അതില്ലാത്തവ അസാധു ആകുന്നതാണ്. ഒരു ബ്ലോഗര്‍ക്ക് ഒരു വോട്ട് മാത്രമേ ഉണ്ടാകൂ എന്ന് ഉറപ്പുവരുത്താന്‍ വേണ്ടിയാണ്. (അതായത് കുമാര്‍ എന്ന ബ്ലോഗറിനു തോന്ന്യാക്ഷരങ്ങളുടേയും നെടുമങ്ങാടീയത്തിന്റേയും പേരില്‍ രണ്ട് വോട്ട് ചെയ്യാനാവില്ല മ്വോനേ.. അവനെ നമ്മള്‍ ചവിട്ടി പുറത്താക്കും. അത്രേ ഉള്ളു. അല്ലേ?)
4. A, B, C, എന്നിങ്ങനെ മൂന്നു പോസ്റ്റുകള്‍ തെരഞ്ഞെടുക്കാം. ഇഷ്ടമുള്ള പോസ്റ്റില്‍ കമന്റിടുന്ന ലാഘവത്തോടെ തെരഞ്ഞെടുപ്പുകളെ കണ്ടാല്‍ മതി.
5. സ്വന്തം പോസ്റ്റിനു വോട്ട് ചെയ്തു മണ്ടനാകാന്‍ ആരേയും അനുവധിക്കില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ വക ഒരു A ഡിഫോള്‍ട്ട് ആയിട്ടുതന്നെ അവിടെ ഉണ്ടാകും. പക്ഷെ നിങ്ങള്‍ക്ക് വേറെ ആര്‍ക്കു വേണമെങ്കിലും വോട്ട് ചെയ്യാം.
6. A 15 പോയിന്റ്, B 10 പോയിന്റ്, C 5 പോയിന്റ് എന്ന നിലവാരത്തില്‍ ആവും വോട്ട് എണ്ണുക.
7. പോയിന്റിനനുസരിച്ച്, കൃതികളെ ആ ലക്കത്തില്‍ ഏറ്റവും കൂടുതല്‍ ബ്ലോഗേര്‍സ് ഇഷ്ടപെട്ട കൃതികളായി തെരഞ്ഞെടുക്കും.
8. വോട്ടിങ്ങില്‍ നിന്നും പോസ്റ്റുകള്‍ ഒഴിവാക്കേണ്ടവര്‍ ലിങ്ക് അയക്കുമ്പോള്‍ തന്നെ പറഞ്ഞാല്‍ മതി. അവരെ ഒഴിവാക്കുന്നതാണ്. ഇതൊരു മത്സരം അല്ല എന്നു ഉറപ്പുവരുത്താനാണ് ഇങ്ങനെ ചില ഫ്ലക്സിബിലിറ്റികള്‍.
9. തെരഞ്ഞെടുത്ത ഫേവറിറ്റ് കഥകള്‍ക്കൊപ്പം അവയ്ക്കു കിട്ടിയ വോട്ടുകള്‍ സജസ്റ്റ് ചെയ്ത ആള്‍ക്കരുടെ ലിസ്റ്റ് അടക്കം പ്രസിദ്ധീകരിക്കും. ഈ തെരഞ്ഞെടുപ്പിന്റെ സുതാര്യതയ്ക്ക് വേണ്ടിയാണ് ഇങ്ങനെ.
10. ഏറ്റവും പ്രധാന പോയിന്റ് : ഇതു ഒരു മികച്ച കൃതി തെരഞ്ഞെടുക്കല്‍ മത്സരം അല്ല. അതാതു ലക്കത്തില്‍ വായിച്ചവര്‍ക്ക് ഇഷ്ടപെട്ട കൃതികള്‍ എന്ന ലേബല്‍ മാത്രമേ ഇതിനൊപ്പം ഉണ്ടാകൂ.
ഒരു അഭിപ്രായ സര്‍വ്വേ ആണ്. ഈ തെരഞ്ഞെടുപ്പ് വേണോ വേണ്ടയോ എന്ന്. എല്ലാവര്‍ക്കും അഭിപ്രായം പറയാം. എല്ലാവരും പറയണം.!
1/11/2007
ഇവരുടെ ആദ്യപോസ്റ്റുകള്‍!
ഇങ്ങനെ ഒരു സംരംഭം മുന്നോട്ട് വച്ചപ്പോള്‍ ആദ്യമായി വന്നത് “എന്റെ ഉമ്മ“യാണ്.
“എന്തിനും ഏതിനും തുണയായിരുന്ന ഉമ്മയില്‍ നിന്നുമാകട്ടെ തുടക്കം“ എന്നുപറഞ്ഞ് ഉമ്മയെ ഓര്‍ത്തുകൊണ്ട് വല്യമ്മായി എഴുതിതുടങ്ങിയ ആദ്യ പോസ്റ്റ്. ആ ഐശ്വര്യം കടംകൊണ്ട് തന്നെ ഞാന്‍ തുടങ്ങുന്നു, ഈ ആദ്യവിഭാഗം. “ഇവരുടെ ആദ്യ പോസ്റ്റുകള്‍”
ഇവിടെ അയച്ചുതന്ന 50 ഓളം ആദ്യപോസ്റ്റുകളില്‍ കൂടുതലും ബാല്യകാലവും അതില്‍ ഉരച്ചുചേര്‍ത്ത ഗൃഹാതുരത്ത്വവും ഒക്കെ ആണ്.
ഇതൊക്കെ ഒരിക്കല്‍ കൂടി മുന്നിലേക്ക് നീക്കിവയ്ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ട്.
(പേരിനു നേരേ ബ്രാക്കറ്റില്‍ കാണുന്നതു അവരവരുടെ ബ്ലോഗ് ആണ്. പോസ്റ്റിന്റെ ടൈറ്റിലില്‍ അമര്‍ത്തിയാല്‍ അതാതു പോസ്റ്റിലേക്ക് പോകാന്‍ കഴിയും)
1. വല്യമ്മായി (എനിക്കു പറയാനുള്ളത് )
ആദ്യ പോസ്റ്റ് - എന്റെ ഉമ്മ
പതിനേഴുവര്‍ഷം മുന്‍പു യാത്രപറഞ്ഞുപോയ സ്വന്തം അമ്മയെ സ്മരിച്ചുകൊണ്ട് ഇവിടെ ആദ്യകമന്റ് എഴുതിയത് ദേവരാഗം ആണ്. ഈ ഒരു പോസ്റ്റിനു പറ്റിയ കമന്റ്.
2. ഇന്ദു (മൌനം)
ആദ്യ പോസ്റ്റ് - മഴ
പുതപ്പിനിടയിലൂടെ അമ്മൂമ്മയുടെ മെല്ലിച്ച കൈകള്‍ എന്നെ പോലെ പുണരുന്ന മഴയെക്കുറിച്ച്, മഴ എന്ന ഒരു ആശ്വാസത്തെക്കുറിച്ച് ഒരു കവിതയാണ് ഇന്ദു തന്റെ ആദ്യപോസ്റ്റായി എഴുതിയിരിക്കുന്നത്. അവിടെ ആദ്യകമന്റ് വച്ച് സ്വാഗതം ചെയ്തത് ശ്രീ ശ്രീജിത്തും.
3. സുല്‍ (സുസ്മേരം)
ആദ്യ പോസ്റ്റ് - എന്റെ ആദ്യ ബ്ലോഗ്
ബ്ലോഗെന്നുപറഞ്ഞാല്‍ എന്താ എന്നറിയാന്‍ കേറിയതാണെന്നുള്ള ഏറ്റുപറയലില്‍ തുടങ്ങുന്ന പോസ്റ്റ്.
4 തറവാടി
ആദ്യ പോസ്റ്റ് - എന്റെ വണ്ടി
കുട്ടിക്കാലത്തിലെ ഓര്‍മ്മയുമായി ആദ്യപോസ്റ്റ്. “വരൂ അര്‍മ്മാദിയ്ക്കൂ...“ എന്നു സ്വാഗതം അരുളിയത് ആദിത്യനും.
5. സപ്തവര്‍ണ്ണങ്ങള്‍ (നേര്‍ക്കാഴ്ചകള്‍)
ആദ്യപോസ്റ്റ് - ഒരിത്തിരിവെട്ടം
ഊതിക്കെടുത്താന്‍ കാറ്റുവരുമോ എന്ന ആശങ്കയില്‍ തന്റെ ബ്ലോഗില്‍ ഒരു തിരികൊളുത്തിവച്ചിരിക്കുന്നു സപ്തവര്‍ണ്ണം. “കാറ്റേ നീ
വീശരുതിപ്പോള്‍...“ എന്നുപാടി ഇവിടെ ആദ്യ സ്വാഗതം യാത്രാമൊഴിയുടെ വക.
6. വേണു
ആദ്യ പോസ്റ്റ് - പരീക്ഷ
കുട്ടിക്കാലത്തെ ഒരു മഴയുള്ള പരീക്ഷാ തലേന്ന് ഓര്‍ക്കുന്നു വേണു ഇവിടെ. വരികള്‍
തിരിച്ചെഴുതുന്നതിനെക്കുറിച്ചുള്ള അഭിപ്രായവും പിന്നെ ആദ്യ ഇഷ്ടവും ഇവിടെ പറഞ്ഞത് ശ്രീമാന്‍ പെരിങ്ങോടന്‍
7. സന്തോഷ് (ശേഷം ചിന്ത്യം)
ആദ്യ പോസ്റ്റ് - ശേഷം ചിന്ത്യം : പറഞ്ഞു തീര്‍ക്കാത്ത ചിന്തകള്‍
ഭീതിയുടേയും ഉത്കണ്ഠയുടേയും അനിശ്ചിതത്വത്തിന്‍റേയും പര്യായമായ ശേഷം ചിന്ത്യം എന്ന ‘അവസാനവാക്കുകള്‍‘ കുട്ടിക്കാലം മുതല്‍ കേട്ടതോര്‍ക്കുന്നു ഇവിടെ സന്തോഷ്. പറഞ്ഞാലും എഴുതിയാലും പ്രകടിപ്പിക്കാനാവാത്ത വികാരങ്ങള്‍ ഇവിടെ പറഞ്ഞുതീര്‍ക്കാനുള്ള ഒരു എളിയ ശ്രമത്തിന്റെ തിരികൊളുത്തിവയ്ക്കുന്നു ഇവിടെ. അതു തൊട്ടുവണങ്ങാന്‍ ആദ്യമെത്തിയത് പുല്ലൂരാന്‍ എന്ന ബ്ലോഗര്‍ ആണ് (എന്റെ പുല്ലൂരാനേ, ഇപ്പോള്‍ ഇവിടെ അധികം കാണുന്നില്ലല്ലൊ!)
8. മഴനൂലുകള്‍
ആദ്യപോസ്റ്റ് - മഴനൂലുകള്
മഴതനിക്കു വാല്‍സല്യത്തിന്റെ നനുത്ത ചൂടും, പ്രണയത്തിന്റെ സംഗീതവും മാത്രമായിരുന്നില്ല, വേദനകളുടെ കൈപ്പും നിറഞ്ഞതായിരുന്നു എന്ന് ഓര്‍ക്കുന്നു എന്റെ ഈ പ്രിയ സുഹൃത്ത് ഇവിടെ. അന്നുമുതല്‍ ഇന്നുവരെ ഈ ബ്ലോഗില്‍ മഴ തോര്‍ന്നിട്ടില്ല. കെട്ടുപൊട്ടാതെ നിലത്തേയ്ക്ക് ഊര്‍ന്നുവീണുകൊണ്ടിരിക്കുന്നു ഈ നൂലുകള്‍.
9. യാത്രാമൊഴി
ആദ്യപോസ്റ്റ് - ഭ്രാന്ത് ചെയ്യുന്നത്
മുഴുഭ്രാന്തിന്‍ മുറജപംമുടക്കാതെ പോക നീ... കരളിലെ കനലൂതിയുണര്‍ത്താതെ പോക നീ.. എന്നു പറഞ്ഞുപോകുന്നു യാത്രാമൊഴി.
10. കുറുമാന്‍ (കുറുമാന്റെ കഥകള്‍)
ആദ്യ പോസ്റ്റ് - ബ്ലോഗാന്‍ പഠിക്കട്ടെ.
“ഒരിക്കല്‍ ഞാന്‍ എന്തെങ്കിലും എഴുതി തുടങ്ങിയാല്‍ അതു വായിക്കുന്നവര്‍ എന്നെ കുത്തികീറുന്നതു വരെ ഞാന്‍ എഴുതുകയും ചെയ്യും”. എന്ന ഒരു മുംകൂര്‍ ജാമ്യം ആയിരുന്നു കുറുമാന്റെ ആദ്യ പോസ്റ്റ്. കുറുമാന്‍ ആദ്യ പോസ്റ്റിനും ഒരുപാട് മുന്‍പേ
ഇവിടെ കമന്റുകള്‍ വച്ചിരുന്നു. അതായിരുന്നു സ്വാഗതം പറഞ്ഞ ഇബ്രു സൂചിപ്പിച്ചതും.
11. സുഗതരാജ് പലേരി (കൂട്ടുകാരന്‍)
ആദ്യ പോസ്റ്റ് - നഷ്ടമാകുന്ന ബാല്യം
വള്ളിനിക്കറിന്റെ കീശകളിൽ ഗോട്ടികളും നിറച്ച് പഴകിയ സൈക്കിൽ ചക്രത്തിന്റെ ചലനത്തെ വടികൊണ്ട് നിയന്ത്രിച്ച് ഓടികളിക്കേണ്ടുന്ന ബാല്യം അവനില്‍ നിന്നും അന്യമായതിന്റെ തിര്‍ച്ചറിയല്‍ ആണ് സുഗതരാജിന്റെ ആദ്യ പോസ്റ്റ്.
12. മഴത്തുള്ളി (മഴത്തുള്ളികള്‍)
ആദ്യ പോസ്റ്റ് - ഡല്‍ഹിയില്‍ പുലരിമഴ
ഡല്‍ഹിയിലെ കൊടും ചൂടിനു വിരാമം ഇട്ട് പെയ്ത ഒരു പുലരി മഴയില്‍, നാട്ടിലെ ചെറുപ്പം ഓര്‍ക്കുന്നു ഇവിടെ മഴത്തുള്ളി. അതു വായിച്ചിട്ട് “പെയ്യട്ടങ്ങനെ പെയ്യട്ടേ, മാനം നിറഞ്ഞു പെയ്യട്ടേ“ എന്ന് ആദ്യമായി പറഞ്ഞത് കെവിന്‍ ആണ് (എവിടെ ആണ് ആശാനേ.. ഇപ്പോള്‍ കാണാനില്ലാലൊ..?)
13. ആദിത്യന്‍ (അശ്വമേധം)
ആദ്യ പോസ്റ്റ് - മൂന്നാം ഊഴം
രണ്ടാം ഊഴത്തെ വലിച്ചൊടിച്ചു മൂന്നാം ഊഴം ആക്കി, ഭീമന്റെ ഉള്ളില്‍ റോത്‌മാന്‍സും ഡേവിഡോര്‍ഫും തിരുകികയറ്റി ആദിത്യന്‍ ഇവിടെ സ്വയം ഒരു ഭീമബ്ലോഗര്‍ ആയി അവതരിക്കുകയായിരുന്നു. ആദിത്യനു സ്വാഗതം ഓതിയത് മറ്റൊരു അകാരമായ അനില്‍.
14. ഇക്കാസ് & വില്ലൂസ്
ആദ്യപോസ്റ്റ് - അണ്‍ടൈറ്റില്‍ഡ്.
ബ്ലോഗില്‍ ഞാന്‍ ആദ്യമായാണ് കണ്ടത്, രണ്ടുപേര്‍ ചേര്‍ന്നൊരു ആദ്യ ബ്ലോഗ്. ഒറ്റയ്ക്കും ഒരുപാടുപേരും ചേര്‍ന്ന് അതുവരെ വന്നിരുന്നു. മനോരമയില്‍ വന്ന ആര്‍ട്ടിക്കിള്‍ കണ്ടിട്ടാണ് ഞങ്ങള്‍ വന്നതെന്ന് പറഞ്ഞുകൊണ്ട് ചിത്രമടക്കം ഇവിടെ ഉണ്ട് ഈ സുഹൃത്തുക്കള്‍.
15. ശ്രീജിത്ത് (മണ്ടത്തരങ്ങള്‍)
ആദ്യ പോസ്റ്റ് - തുമ്മല്‍ വരുന്നുണ്ട് സൂക്ഷിക്കുക
മണ്ടത്തരങ്ങളുടെ മണ്ടൂസ് മുഖവുമായി, ബ്ലോഗ്ഗറിന് തല കറങ്ങുന്ന വരെ എന്നെ പറ്റി എനിക്ക് സംസാരിച്ചു കൊണ്ടിരിക്കാന്‍ ഒരിടമാണിത് എന്ന പ്രഖ്യാപനവുമായാണ് ഈ ‘ശ്രീ’ മലയാളം ബ്ലോഗിലേക്ക് വരുന്നത്. ആദ്യ പോസ്റ്റില്‍ തന്നെ ജീവിതവഴിയിലെ ഒരു ബൈക്ക് യാത്രയിലെ തുമ്മലുമായി വരുന്നു ഈ ബ്ലോഗര്‍. ശ്രീജിത്തിനു സ്വാഗതം പറഞ്ഞത് കലേഷ്.
16. സൂ (സൂര്യഗായത്രി)
ആദ്യ പോസ്റ്റ് - ഗോഡ്
ഓരോരുത്തരുടെ മുന്നില്‍ ഓരോരോ രൂപത്തില്‍ വരുന്ന ദൈവത്തെ കുറിച്ചാണ് സൂ തന്റെ ആദ്യ മലയാളം ബ്ലോഗുവരി എഴുതിയിരിക്കുന്നത്. ഇന്ന് കമന്റു ബോക്സില്‍ നൂറും ഇരുന്നൂറും പൊങ്ങിവരുന്ന സൂവിന്റെ ആദ്യ പോസ്റ്റിനു കിട്ടിയത് ഒരു കമന്റുമാത്രമാണ്. അതു പറഞ്ഞത് യാത്രാമൊഴി ആണ്. സൂ എന്ന ബ്ലോഗറിന്റെ വളര്‍ച്ചയെ ഇതിലൂടെ നമുക്ക് കാണാം.
17. സതീഷ് മാക്കോത്ത് (ചിലകുറിപ്പുകള്‍)
ആദ്യപോസ്റ്റ് - കുടിപ്പള്ളിക്കൂടം
ആദ്യ പോസ്റ്റിലൂടെ ഒരു പഴയ ആശാന്‍ പള്ളിക്കൂടവും സ്കൂള്‍ വിശേഷങ്ങളും പറയുന്നു സതീഷ്.
18. ഇത്തിരിവെട്ടം
ആദ്യ പോസ്റ്റ് - ഇത്തിരിവെട്ടത്തിന്റെ നിഴലില്
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഭ്രുണ ഹത്യയോ എന്നു സന്ദേഹിക്കുന്ന മനുഷ്യമനസ്സാക്ഷിക്ക് തന്റെ ആദ്യ പോസ്റ്റിന്റെ ഇത്തിരിവെട്ടം സമ്മായിക്കുന്നു, എഴുത്തുകാരന്‍ ഇവിടെ. “നമ്മളിപ്പോള്‍ പുറകോട്ട് നടക്കാനാണോ നോക്കുന്നത് “ എന്ന ചോദ്യവുമായി ആദ്യത്തെ ഇത്തിരികമന്റ് വച്ചിരിക്കുന്നത് ഡാലിയാണ്.
19. പച്ചാളം
ആദ്യപോസ്റ്റ് - അണ്‍ടൈറ്റില്‍ഡ്.
ഒരു ഫോട്ടോ പോസ്റ്റിലൂടെ ആണ് ശ്രീ പച്ചാളം ഇവിടെ തേങ്ങ ഉടച്ചത്. പക്ഷെ തേങ്ങ ഉടയ്ക്കാന്‍ നിന്ന പച്ചാളത്തിന്റെ തലയില്‍ ഇടിയും വെട്ടി, തേങ്ങയും വീണു. ആ അപൂര്‍വ്വചിത്രം ആണ് ആദ്യ പോസ്റ്റ്.
20. വിശാലമനസ്കന്‍ (കൊടകരപുരാണം)
ആദ്യപോസ്റ്റ് - മൂന്നുപറ കണ്ടം
ചേട്ടനെപ്പോലെ, ഞാനും കേരളം വിടാനുണ്ടായ പ്രധാന കാരണങ്ങളിലൊന്നായ മൂന്നുപറ കണ്ടത്തിന്റെ കഥയിലൂടെയാണ് വിശാലന്‍ തന്റെ കൊടകരപുരാണത്തിന്റെ കെട്ട് ഇവിടെ അഴിച്ചത്. ആദ്യ കമന്റായി വന്നത് സൂവിന്റെ രണ്ടുകുത്തും ഒരു വലതുബ്രായ്ക്കറ്റും വച്ചൊരു ചിരി. ശരിക്കും ഐശ്വര്യമുള്ള ചിരി എന്നു ബ്ലോഗു സമൂഹം തെളിയിച്ചു, ഇവിടെ ഈ ചിരി.
21 സഹ (പാദമുദ്രകള്‍)
ആദ്യപോസ്റ്റ് - ചേര്‍ത്തല, എന്റെകൂടി സ്വന്തം നാട്.
മാപ്പ് വരയ്ക്കുമ്പോള്‍ ‘കുനിപ്പ്” പോലെ വരയ്ക്കുന്ന സ്വന്തം നാടിനെക്കുറിച്ച് എഴുതിയാണ് സഹയുടെ തുടക്കം. സഹതുടങ്ങിയിട്ടേ ഉള്ളൂ. ഇതു തയ്യാറാക്കുമ്പോഴും അവിടെ അടുത്ത പോസ്റ്റ് എത്തിയിട്ടില്ല.
22. ഫൈസല്‍ (നടുമുറ്റം)
ആദ്യപോസ്റ്റ് - നിങ്ങളില്‍ പാപം ചെയ്തവര്‍ക്കായി
മാതൃസ്നേഹം ആണ് ഫൈസല്‍ ഇവിടെ പറയുന്ന വിഷയം.
23. രേഷ്മ (മൈലാഞ്ചി)
ആദ്യപോസ്റ്റ് - കൂടുമാറ്റം
റീഡിഫ് ന്റെ ഇംഗ്ലീഷ് മുറ്റത്തുനിന്നുമാണ് മൈലാഞ്ചി ഇങ്ങോട്ട് പറിച്ചുനട്ടത്. പറിച്ചു നടല്‍ അല്ല, അതിന്റെ ഒരു മലയാളം വേരു പൊട്ടിച്ചിവിടെ വച്ചതാണ്. ആ കൂടുമാറ്റത്തെക്കുറിച്ചുള്ള രണ്ടുവരി ആണ് ഈ ബ്ലോഗിലെ ആദ്യമൈലാഞ്ചിയണിയല്‍.
24. സാക്ഷി
ആദ്യപോസ്റ്റ് - എന്റെ സാക്ഷ്യം
തന്റെ മാസ്റ്റര്‍പീസായ ചിത്രം സാക്ഷിയുടെ ആദ്യ പോസ്റ്റിലും ഉണ്ട്. കള്ള സാക്ഷിയാണെന്നുള്ള ഒരു ഏറ്റുപറച്ചിലും അതിനുപിന്നാലെ ഉണ്ട്.
25. നളന്‍ (സമകാലീകം)
ആദ്യപോസ്റ്റ് - ഛായാഗ്രഹി
സമകാലികത്തിലാണ് നളന്‍ തന്റെ ആദ്യപോസ്റ്റ് ഒട്ടിച്ചത്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രി കെട്ടിടത്തിനു മുകളിൽ കയറി ആത്‌മഹത്യാ ഭീഷണി മുഴക്കിയ യുവാവ് 12 മണിക്കുറിന് ശേഷം പിടിവിട്ട് നിലത്തേക്ക് വീഴുന്നു വാര്‍ത്താചിത്രത്തെ ആസ്പദമാക്കിയിട്ട്. നളന് ആദ്യ സല്യൂട്ട് അടിച്ചിരിക്കുന്നത് പെരിങ്ങോടന്‍.
26. ഡാലി (നേര്‍മൊഴി)
ആദ്യപോസ്റ്റ് - ഗലീലി കടല്
ഗോലാന്‍ കുന്നുകളിലേക്കുള്ള യാത്രാമദ്ധ്യെ ഓടുന്ന ബസിന്റെ ജാലകത്തിലൂടെ ഒപ്പിയെടുത്ത ഗലീലി കടലിന്റെ ചിത്രവും, ഒരുകുഞ്ഞു വിവരണവും. ആദ്യപോസ്റ്റില്‍ തന്നെ ജോര്‍ദ്ദാന്‍ നദിവന്ന് നിറഞ്ഞ പുറത്തേക്കൊഴുകുന്ന ഗലീലി കടല്‍ പോലെ, ഇവിടെ പരന്നത് ചില്ലറ ഓഫും ചേര്‍ത്ത് 84 കമന്റ്.
27. ഏറനാടന്‍ (ഏറനാടന്‍ ചരിതങ്ങള്‍)
ആദ്യപോസ്റ്റ് - വല്യാപ
ഗണിതം പഠിപ്പിക്കുന്ന കാദര്‍മാസ്റ്ററുടെ ആറാം വിവാഹവാര്‍ഷിക തലേന്നുള്ള ചില ചിന്തകളില്‍ പിടിച്ചാണ് ഏറനാടന്‍ തന്റെ ആദ്യപോസ്റ്റ് പണിഞ്ഞിരിക്കുന്നത്.
28. മുരളി വാളൂര്‍ (ഇടവഴി)
ആദ്യപോസ്റ്റ് - വേലായുധന്റെ വെക്കേഷന്‍
ഖത്തറിലെത്തുംവരെ എല്ലാവര്‍ഷവും നാല്പത്തൊന്നുദിവസം വൃതമെടുത്ത് മലചവിട്ടുമായിരുന്ന വേലായുധന്‍ എന്ന അയ്യപ്പഭകതനെക്കുറിച്ചാണ് മുരളി തന്റെ ആദ്യ പോസ്റ്റ് എഴുതിയിരിക്കുന്നത്. അവിടെ ഒരു ‘കോളനും ഒരു ക്യാപിറ്റല്‍ ലെറ്റര്‍ ഡി
യും വച്ചു സ്വാമിശരണം വിളിച്ച് സ്വാഗതം പറഞ്ഞിരിക്കുന്നത് ദേവഗണമുള്ള ഒരു അസുരനാണ്. ദില്‍ബാസുരന്‍.
29. ഉമേഷ് (ഗുരുകുലം.) പക്ഷെ ആദ്യ പോസ്റ്റ് എഴുതുമ്പോള്‍ ‘ഉമേഷിന്റെ മലയാളം ബ്ലോഗ്’ എന്നപേരില്‍ ആയിരുന്നു. ഇപ്പോള്‍ അതെല്ലാം ഒരു പുതിയ പേജില്‍ സംഭരിച്ചുവച്ചിരിക്കുന്നു. അതാണ് ഗുരുകുലം.
ആദ്യപോസ്റ്റ് - പന്തളം കേരളവര്‍മ്മ പുരസ്കാരം സച്ചിദാനന്ദനു്!
ഗദ്യമെഴുതേണ്ടിടത്തു പദ്യമെഴുതിയിരുന്ന പന്തളം കേരളവര്‍മ്മ പുരസ്കാരം പദ്യമെഴുതേണ്ടിടത്തു ഗദ്യമെഴുതുന്ന സച്ചിദാനന്ദന്‍ എന്ന കവിക്കു കൊടുത്തതിനെ കുറിച്ചാണ് ഉമേഷിന്റെ ആദ്യ പോസ്റ്റ്.
30. പൊതുവാളന്‍ (കാഞ്ഞിരോടന്‍ കഥകള്‍)
ആദ്യപോസ്റ്റ് - മലയാളം
സ്നേഹത്തിന്റെ തേനുറവ വറ്റാതെ അന്തിക്കു കൂടണയുന്ന മക്കളെയും കാത്തിരിക്കുന്ന എല്ലാ അമ്മമാര്‍ക്കും.. സമര്‍പ്പിക്കുന്ന ഒരു കവിതയാണ് പൊതുവാളന്റെ ആദ്യപോസ്റ്റ്.
31. അരവിശിവ (എന്റെ സ്വന്തം തിരുവനന്തപുരം)
ആദ്യപോസ്റ്റ് - എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും സ്വാഗതം
ആര്‍ട്ട്സ് കോളേജിലൂടെയും യൂണിവേര്‍സിറ്റി കോളേജിലൂടെയും തിരുവനന്തപുരത്തെ അറിഞ്ഞുതുടങ്ങിയ അരവിശിവ, തിരുവനന്തപുരത്തിന്റെ നഗരഹൃദയത്തിലൂടെ ഒരു ഓര്‍മ്മയാത്രയ്ക്ക് തുടക്കമിടുകയാണിവിടെ.
32. ദേവരാഗം
ആദ്യപോസ്റ്റ് - നല്ലവര്
ആയുരാരോഗ്യത്തിലൂടെ ആര്‍ട്ടറികളിലൂടേ പായുന്ന ചോരയെകുറിച്ചും, അകത്തുള്ള പെരിക്കാര്‍ഡിയത്തെക്കുറിച്ചും പുറത്തുള്ള എപ്പിക്കാർഡിയത്തെക്കുറിച്ചും ഒക്കെ നമ്മുടെ മുന്നില്‍ ആധികാരികതയോടെ സംസാരിക്കുന്ന ദേവന്റെ ആദ്യപോസ്റ്റ് രണ്ടു കുഞ്ഞിപൂച്ചകളുടെ കുഞ്ഞു ജീവിതകഥയാണ്. ചിത്രങ്ങള്‍ അടക്കം. ദേവനു സ്വാഗതം പറഞ്ഞത് അതിനു ശരിക്കും അര്‍ഹനായ വിശ്വപ്രഭ തന്നെ ആണ്.
33. കണ്ണൂസ് (ചിതറിയ ചിന്തകള്‍)
ആദ്യപോസ്റ്റ് - ഡെല്‍റ്റ-ടി
എന്താ ഈ ഡെല്‍റ്റ്-ടി? വേണുഗോപാലന്‍ സര്‍ കണ്ണടക്കു മുകളിലൂടെ നോക്കിപറഞ്ഞു "അതാണ് സമയങ്ങള്‍ക്കിടക്കുള്ള സമയം" ഈ വാക്കുകള്‍ മൌനത്തിലിട്ട് മുറ്റിച്ച ചിന്തകള്‍ അക്കമിട്ട് എഴുതുകയാണ് കണ്ണൂസ് ഇവിടെ. എന്നിട്ടെന്താ പെരിങ്ങോടന്‍ തന്നെ ആദ്യം എത്തി പറഞ്ഞു, “സമാനതകളില്ലാത്ത മറ്റൊരു ബ്ലോഗ്.“ അതുതന്നെ ഞാനും പറയുന്നു.
34. കിരണ്‍സ് (സാന്ദ്രം)
ആദ്യപോസ്റ്റ് - സാന്ദ്രം
ഒരുപാട് ഇഷ്ടമായ മലയാള ഗാനങ്ങള്‍,അവയുടെ വരികള്‍ എന്നിവ പങ്കുവയ്ക്കുക എന്ന ശ്രമം മാത്രമാണു ഈ ബ്ബ്ലോഗിന്റെ ലക്ഷ്യം എങ്കിലും അതിനോടൊപ്പം തന്നെ എന്റെ ചില എളിയ ഗാനശ്രമങ്ങളും ഉള്‍പ്പെടുത്തുന്നു എന്നുപറഞ്ഞാണ് കിരണ്‍സ് തന്റെ ആദ്യ മലയാളം ബ്ലോഗിനു ശ്രുതിയിടുന്നത്. ഒപ്പം “തന്നെ ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന” ആദ്യഗാനപോസ്റ്റും സമര്‍പ്പിച്ചിരിക്കുന്നു.
35. ചന്തു (ചതുവിന്റെ ചിന്തകള്‍)
ആദ്യപോസ്റ്റ് - ചോദ്യം
ചന്തുവിന്റെ ചിന്തകളില്‍ ആദ്യം വരുന്നത് ഒരു ചോദ്യമാണ്. ‘പ്രണയത്തിന്റെ ആഴമെത്ര?’ എന്ന ചോദ്യം. ഒപ്പം ചന്തുവിന്റെ ചിന്തകളില്‍ കുരുങ്ങാത്ത മനോഹരമായ ചിരിയും നമുക്കിവിടെ കാണാനാകും. സ്വാഗതം പറയാനെത്തിയ പെരിങ്ങോടന്‍ ഉത്തരമായി
കൊടുത്തത് ഒരു ലിങ്ക് ആണ്. ഞാനും അവിടെ പോയി നോക്കി പ്രണയത്തിന്റെ ആഴം അളക്കാന്‍. അവിടെ കണ്ടതോ ‘ബൂലോക സെട്ടിങ്സിന്റെ‘ വിവരങ്ങള്‍. എന്റെ പെരിങ്ങോടാ എന്നെയും പറ്റിച്ചില്ലേ..?
36. സങ്കുചിതമനസ്കന്‍ (സങ്കുചിതം)
ആദ്യപോസ്റ്റ് - അടിപ്പാവാട ചരട്
അജ്മാനിലെ ഏര്‍പ്പായേട്ടന്റെ വില്ലയുടെ പൂമുഖത്ത് നടന്ന ഒരു സംഭാഷണത്തിലൂടെ കൊണ്ടുപോവുകയാണ് ഇവിടെ സങ്കുചിതന്‍ വായനക്കാരെ.
37. കൃഷ് (കൃഷ്ണ (ബൂ)ലോകം
ആദ്യ മലയാളം പോസ്റ്റ് - വേല ഉത്സവം
ചിറ്റിലംചേരി ശ്രീ ചെറുനെട്ടൂരി ഭഗവതി ക്ഷേത്രത്തിലെ വേല ഉത്സവത്തിലെ ചില ദൃശ്യങ്ങളാണ് കൃഷിന്റെ ആദ്യ സ്റ്റില്‍.
38. കണ്ണൂരാന്‍
ആദ്യ പോസ്റ്റ് - പുതുവത്സരത്തില്‍ നമ്മെ കാത്തിരിക്കുന്നത്
വരാന്‍ പോകുന്ന ഒരുവര്‍ഷത്തെക്കുറിച്ചുള്ള ആശങ്കകളും പതി ആശംസകളുമാണ് കണ്ണൂരാന്റെ ഈ പോസ്റ്റ്.
39. മുല്ലപ്പൂ
ആദ്യപോസ്റ്റ് - കണ്‍സള്‍ട്ടന്റ്
കുടുംബാന്തരീക്ഷത്തിലെ ഒരു സംസാരത്തുണ്ട് എഴുതിയാണ് മുല്ലപ്പൂ തന്റെ ആദ്യമൊട്ട് ഇവിടെ വിരിയിച്ചിരിക്കുന്നത്. കമന്റുബോക്സിലെ ആദ്യ സാക്ഷി ശരിക്കും സാക്ഷിതന്നെ.
40. ഷാനവാസ് ഇലിപ്പക്കുളം (കേരളാ ഓണ്‍ലൈന്‍)
ആദ്യപോസ്റ്റ് - മുല്ലപ്പെരിയാര്‍
പൊട്ടാന്‍ തയാറായി വീര്‍പ്പുമുട്ടിനില്‍ക്കുന്ന മുല്ലപ്പെരിയാറിനെ കുറിച്ചാണ് ഷാനവാസ് ആദ്യ പോസ്റ്റ് പൊട്ടിച്ചിരിക്കുന്നത്.
41. ഇട്ടിമാളു (ഇതു ഞാനാ.. ഇട്ടിമാളു)
ആദ്യപോസ്റ്റ് - പിരിയും മുന്‍പ്
ആദ്യപോസ്റ്റില്‍ തന്നെ യാത്രാമൊഴിയാണ് ഇട്ടിമാളു പറഞ്ഞിരിക്കുന്നത്. അതു വായനക്കാര്‍ക്കല്ല. “ഒരിക്കലും നീ എന്നെ ഓര്‍ക്കാതിരിക്കാന്‍..”എന്നുപറഞ്ഞാണ് തുടങ്ങുന്നത്. ഇട്ടിമാളുവിനു ഇവിടെ ആദ്യകമന്റിന്റെ കൈത്തിരികൊളുത്തിയത് നമ്മുടെ
“കൈത്തിരിയും”
41. സമീഹ (സമിയുടെ ലോകം)
ആദ്യമലയാളം പോസ്റ്റ് - ഉപഭോഗ സംസ്കാരവും അവളും
ഉപഭോഗസംസ്കാരത്തെക്കുറിച്ച് ഒരു കുഞ്ഞിക്കഥയെഴുതിയാണ് സമീഹ തന്റെ ബ്ലോഗില്‍ ആദ്യമലയാളം പോസ്റ്റ് തുടങ്ങിയിരിക്കുന്നത്. സമീഹ മലയാളത്തില്‍ ബ്ലോഗ് എഴുതാന്‍ തുടങ്ങിയതിലുള്ള നന്ദി പ്രകടനമാണ് കമന്റുബോക്സിലെ ആദ്യ കമന്റിലൂടെ കലേഷ് പറഞ്ഞിരിക്കുന്നത്.
42. ബിന്ദു (ദേശാടനം)
ആദ്യപോസ്റ്റ് - നമസ്കാരം
വിഘ്നങ്ങള്‍ ഒഴിവാക്കാന്‍ വാക്കുകള്‍ കൊണ്ട് ഒരു തേങ്ങ ഉടച്ചാണ് ബിന്ദു തന്റെ ദേശാടനത്തിന്റെ പെട്ടിമുറുക്കുന്നത്. ആദ്യപോസ്റ്റില്‍ വെറും നമസ്കാരമാണെങ്കിലും അവിടെ പൊട്ടിയത് 86 കമന്റു തേങ്ങകള്‍. അതിന്റെ കാരണം, മലയാളത്തില്‍ സ്വന്തമായി ഒരു ബ്ലോഗ് ഇല്ലെങ്കിലും മിക്കവാറും ബ്ലോഗുകളിലും ഓടിനടന്നുവായിച്ച് എഴുതുന്ന കമന്റുകള്‍ വഴി എല്ലാവരും ബിന്ദുവിനെ അറിഞ്ഞിരുന്നു. മുന്‍പൊക്കെ ഉള്ള ബ്ലോഗുകളില്‍ അങ്ങനെ ഒരു ബഹുമതികൊടുത്താല്‍ ബിന്ദുവും അചിന്ത്യയും ആയിരിക്കും ആ അവാര്‍ഡ് പങ്കുവയ്ക്കുക,
കമന്റുകളുടേ പ്രസന്‍സ് കൊണ്ട്. ഇനിയും ഉണ്ടാകാം അതുപോലെ ചിലര്‍. ഓര്‍മ്മയില്‍ ആദ്യം വന്നതു എഴുതി എന്നെ ഉള്ളൂ.
43. കരീം മാഷ് (തുഷാരത്തുള്ളികള്‍)
ആദ്യപോസ്റ്റ് - ശാപമോക്ഷം
തൂക്കിലേറ്റപ്പെടാന്‍ നാഴിക മാത്രമവസാനിക്കുന്നവന്റെ യാത്രാമൊഴിയുടെ ആദ്യാക്ഷരങ്ങള്‍ പോലെ, ഇല പൊഴിയാന്‍ തുടങ്ങിയ മരത്തിന്റെ മൗനഗദ്ഗദം പോലെ, നിശ്ശബ്ദമായ നൊമ്പരങ്ങള്‍ ഉള്ളിലൊതുക്കിയ ഒരു ചെറുകഥയിലൂടെ ആണ് കരീം മാഷ് തന്റെ കഥയുടെ കെട്ട് ഇവിടെ അഴിക്കുന്നത്. മാഷ്നെ സ്വാഗതം ചെയ്യുന്നത് കലേഷാണ്. ഉം അല്‍ കുവൈനില്‍ മറ്റൊരു ബ്ലോഗറെ കണ്ട
സന്തോഷം കലേഷിന്റെ സ്വാഗതത്തിലുണ്ട്.
44. വക്കാരിമഷ്ട (ഉദയസൂര്യന്റെ നാട്ടില്‍)
ആദ്യപോസ്റ്റ് - അങ്ങനെ ഞാന്‍ ജപ്പാനിലെത്തി
തന്റെ ആദ്യ ജപ്പാന്‍ യാത്രയുടെ സിങ്കപ്പൂര്‍ വരെയുള്ള ആദ്യപാദവുമായാണ് വക്കാരി തന്റെ ആദ്യ പോസ്റ്റ് ടേക്ക് ഓഫ് ചെയ്യുന്നത്. ദേവരാഗമാണ് വക്കാരിക്ക് ആദ്യ കമന്റിന്റെ പൂച്ചെണ്ട് നല്‍കുന്നത്.
45. സൊലീറ്റയുടെ മമ്മി
ആദ്യപോസ്റ്റ് - സൊലീറ്റാ : ഒരു പരിചയപ്പെടുത്തല്‍
കുഞ്ഞുസൊലീറ്റയുടെ കുഞ്ഞിക്കാര്യങ്ങളുടെ കുഞ്ഞുദിവസങ്ങളെ ഓര്‍ക്കുന്നു, ഇവിടെ സൊലീറ്റയുടെ മമ്മി. ഈ പോസ്റ്റിലെ നായികയായ കുഞ്ഞു സൊലീറ്റയ്ക്ക് ആദ്യകമന്റിന്റെ മധുരം നല്കിയത് മഞ്ചിത്ത് ആണ്.
46. ദിവാസ്വപ്നം (അച്ചായന്റെ ചാരുകസേര)
ആദ്യപോസ്റ്റ് - ആദ്യജോലി അന്വേഷണം
ഒരു സുപ്രഭാതത്തില്‍ നോര്‍ത്ത് ഇന്‍ഡ്യ വിട്ട് നോര്‍ത്ത് അമേരിക്കയില്‍ എത്തിയ ദിവാസ്വപ്നത്തിന്റെ ആദ്യ ഇന്റര്‍വ്യൂ ഓര്‍മ്മകളാണ് ഇവിടെ ആദ്യ തേങ്ങയായി അദ്ദേഹം പൊട്ടിച്ചത്. അതിന്റെ ചീളുപറക്കാന്‍ ആദ്യം ഓടിയെത്തിയത് ആദിത്യനും.
47. പാര്‍വതി (മഴവില്ലും മയില്‍ പീലിയും)
ആദ്യപോസ്റ്റ് - മുംബൈയ്ക്ക് വേണ്ടി
ചെവിയടപ്പിക്കുന്ന സ്ഫോടനങ്ങള്‍ക്കും ചിന്നിചിതറുന്ന ശരീരങ്ങള്‍ക്കും മുകളില്‍ ഇനിയുമൊരവതാര ദേവനുവേണ്ടിയുള്ള പ്രാര്‍ഥനയില്‍ ഒരു തുള്ളി കണ്ണുനീര്‍ നൈവേദ്യം ഒരു കുഞ്ഞുകവിതയായി ഇവിടെ അര്‍പ്പിക്കുന്നു പാര്‍വതി. സഹായഹസ്തങ്ങള്‍ പോലെ ഒരുപാട് ലിങ്കുകളുമായി ഇവിടെ ഇവിടെ ആദ്യകമന്റു കുറിച്ചിട്ടത് ശനിയന്‍.
48. സ്വാര്‍ത്ഥന്‍ (സ്വാര്‍ത്ഥവിചാരം)
ആദ്യപോസ്റ്റ് - എന്റെ കാര്യം
സ്വന്തം കാര്യങ്ങള്‍ മാത്രം പറഞ്ഞ് സ്വയം അവതരിപ്പിക്കുന്നു, “ഞാന്‍ സ്വാര്‍ത്ഥന്‍” എന്നു പറഞ്ഞു നിര്‍ത്തുന്നു. സ്വാര്‍ത്ഥത അല്പം പോലും ഇല്ലാതെ ഇവിടെ വന്ന് ആദ്യ വണക്കം പറഞ്ഞിരിക്കുന്നത് പെരിങ്ങോടന്‍ ആണ്.
49. അതുല്യ
ആദ്യപോസ്റ്റ് - അവസാനം അതും സംഭവിച്ചു
വരമൊഴിക്കും കലേഷിനും നന്ദി പറഞ്ഞുകൊണ്ടാണ് അതുല്യ തന്റെ
അക്ഷരപയറ്റിന്റെ കാഹളം മുഴക്കുന്നത്. അതിയായ സന്തോഷത്തില്‍ ഇവിടെ ആദ്യ കമന്റുവച്ചത് സൂര്യഗായത്രിയുടെ “സു”.
50.ദൃശ്യന്‍ (ചിന്തുകള്‍)
ആദ്യപോസ്റ്റ് - ഉയരങ്ങളിലെ തണുപ്പില് നിന്ന്‍
ആരും കാണാത്ത കാഴ്ചകള്‍ തേടി... ആരും നേരിട്ടറിഞ്ഞിട്ടില്ലാത്ത ആ അനുഭവത്തെ തേടി .. ഭൂമിവിട്ടുപോകുന്ന ശരീരത്തെക്കുറിച്ച് എഴുതിയ പോസ്റ്റ് ആണ് ദൃശ്യന്റെ തുടക്കം
അയച്ചവരുടെ എണ്ണം 50 തികഞ്ഞപ്പോള്‍. എനിക്ക് തന്നെ 51 അടിക്കാനുള്ള ഒരു ചരിത്ര മുഹൂര്‍ത്തം ഒരുങ്ങുന്നു. അവിടെ എന്റെ തോന്ന്യാക്ഷരങ്ങളുടെ ആദ്യ തോന്ന്യാസവുമായി ഞാന്‍ ഒന്നു ആര്‍മാദിച്ചോട്ടെ!
51.കുമാര്‍ (തോന്ന്യാക്ഷരങ്ങള്‍)
ആദ്യപോസ്റ്റ് - അങ്ങനെ തോന്ന്യാക്ഷരങ്ങള്‍ ഉണ്ടായി! ടമാര്‍!.. പടാര്‍!
ആ തോന്ന്യാസങ്ങളെക്കുറിച്ച്
ഞാനായിട്ട് പറഞ്ഞ് അതിന്റെ തോന്ന്യാസ മാര്‍ക്കറ്റ് വിലകളയുന്നില്ല. പക്ഷെ എനിക്ക് ആദ്യം കമന്റുവച്ച രാത്രിഞ്ചരനെ ഞാനിപ്പോള്‍ ഓര്‍ക്കുന്നു. രാത്രിഞ്ചരാ താങ്കള്‍ എവിടേ?..
ഇതൊരു പരീക്ഷണം ആയിരുന്നു, താത്പര്യം കാണിച്ച എല്ലാവര്‍ക്കും നന്ദി. നിങ്ങളുടെ ഒക്കെ പഴയ പോസ്റ്റുകള്‍ക്ക് ഒരു വായനക്കാരനെ എങ്കിലും സൃഷ്ടിക്കാനായാല്‍ ഈ ദൌത്യം പൂര്‍ണ്ണമായി എന്ന് എനിക്ക് സന്തോഷിക്കാം.
1/01/2007
എല്ലാവരുടേയും ആദ്യ പോസ്റ്റ് ക്ഷണിക്കുന്നു.
ഒരുപാട് പേരുടെ ഒരുപാട് നല്ല കൃതികള്‍ അവരുടെ തന്നെ ആര്‍ക്കൈവ്സുകളില്‍ ഇരുന്ന് വിമ്മിഷ്ടപ്പെടുന്നു, പുതിയവരൊന്നും വായിക്കാതെ. അതൊക്കെ വീണ്ടും പുറത്തുകൊണ്ടുവരാനുള്ള ഒരു ശ്രമമാണ് ഇവിടെ. ഓരോരുത്തര്‍ക്കും അവരവരുടെ മികച്ച കൃതികള്‍ ഉയര്‍ത്തികാട്ടാന്‍ ഒരു വേദി കൂടിയാണിത്. മാത്രമല്ല, അലമാരകളില്‍ അടുക്കിവച്ചിരിക്കുന്ന പല മികച്ച, കോളിളക്കം സൃഷ്ടിച്ച കൃതികളും പുതിയ ഒരുപാട് ബ്ലോഗര്‍മാര്‍ കണ്ടിട്ടും ഇല്ല.
മലയാളം ബ്ലോഗേര്‍സിന്റെ പ്രിയമുള്ള സ്വന്തം പോസ്റ്റുകള്‍ എന്ന പക്തിയില്‍ ആദ്യത്തെ കാറ്റഗറി കഥയാണോ? കവിതയാണോ ചിത്രമാണോ തമാശയാണോ എന്നൊരു കണ്‍ഫ്യൂഷന്‍ എനിക്കുണ്ടായിരുന്നു. ഒടുവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഒരു തീരുമാനത്തില്‍ എത്തി.
ആദ്യ വിഭാഗം “എന്റെ ആദ്യത്തെ പോസ്റ്റ്”.
എല്ലാവരും മലയാളം ബ്ലോഗുകളുടെ തട്ടിലേക്ക് കയറിയത് ഒരു പരീക്ഷണ പോസ്റ്റുമായാണ്. അത് ചിലര്‍ക്കൊക്കെ കഥയാകാം.. കവിതയാകാം.. (ചിലര്‍ക്ക് അതു ഇന്നോര്‍ക്കുമ്പോള്‍ ഒരു തമാശയും ആകാം).
അതില്‍ “വണക്കം.” “ഹെലോ മൈക്ക് ടെസ്റ്റ്” “ഒരു പരീക്ഷണം” തുടങ്ങിയവപോലുള്ളവയൊഴിച്ച് എല്ലാവരുടെ ആദ്യ പോസ്റ്റും അവരുടെ പേരില്‍ ലിങ്ക് ചെയ്ത് ഈ ബ്ലോഗില്‍ വരും.
ഒരാള്‍ക്ക് ഒരു എന്ട്രി മാത്രം. (അതിനര്‍ത്ഥം നിങ്ങള്‍ പുതിയതായി തുടങ്ങിയ മറ്റൊരു ബ്ലോഗിലെ ആദ്യ പൊസ്റ്റ് എന്നല്ല. മലയാളം ബ്ലോഗുകളിലേക്ക് വന്നപ്പോള്‍ ആദ്യമെഴുതിയതും ഇന്നും നിലവിലുള്ളതുമായ പോസ്റ്റ്)
ഈ മാസം പത്താം തീയതി ഇത് പ്രസിദ്ധീകരിക്കാനാണ് മന്‍സില്‍ കരുതുന്നത്.
ഒന്‍പതാം തീയതി (9/01/2007) വരെ ഉള്ള എന്ട്രികള്‍ മാത്രമേ ഇതില്‍ പരിഗണിക്കുകയുള്ളു.
ഒന്നോര്‍ക്കുക ഇതൊരു മത്സരമല്ല. പക്ഷെ കഥയുടേയും കവിതയുടേയും ഒക്കെ ഓരൊ ലക്കവും വരുമ്പോള്‍ മനസുകള്‍ കൊണ്ട് ഒരു മത്സരത്തിന്റെ നിഴല്‍ വീണാല്‍ അതു തികച്ചും യാദൃശ്ചികം മാത്രം.
ഉടന്‍ തന്നെ നിങ്ങളുടെ ആദ്യ പോസ്റ്റിന്റെ ലിങ്ക് nallapostukal@gmail.com എന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യുക. ആദ്യം വരുന്നവര്‍ ആദ്യം എന്ന രൂപത്തിലായിരിക്കും ലിസ്റ്റ് ചെയ്യുക.
ഇതൊരു പരീക്ഷണമാണ്. അവരവര്‍ തന്നെ അവരവരുടെ നല്ല സൃഷ്ടികള്‍ തിരഞ്ഞെടുക്കുന്ന രീതി. എന്നിട്ട് അവയൊക്കെ ഒരിടത്ത് അടുക്കിവയ്ക്കുന്ന രീതി. പോരായ്മകള്‍ പൊറുക്കുക.
അപ്പോള്‍ എന്റെ ഇന്‍ബോക്സ് തുറന്നിട്ടൂ ഞാന്‍.. (ആദ്യം വരുന്ന 3 പറവകള്‍ക്ക് സമ്മാനം ഉണ്ട്. മൂന്നു നല്ലവാക്ക്)